
അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത; സമയപരിധി നീട്ടി
- 2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയനവർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മാത്രമാണ് കാലാവധിയിൽ ഇളവ്
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂകൂളുകളിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവിറങ്ങി. 2011 ജൂലായ് 20ന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള പി.എസ് സി വിജ്ഞാപനപ്രകാരം കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയനവർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും മാത്രമാണ് കാലാവധിയിൽ ഇളവ് നൽകിയിട്ടുള്ളത്.ഇവർക്ക് 2025 മെയിൽ നടത്താനുദ്ദേശിക്കുന്ന പ്രത്യേക കെ- ടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപന തീയതി വരെയാണ് സമയം അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ-ടെറ്റ് യോഗ്യത നേടാതെസർവിസിലിരിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കായി 2023 ഓഗസ്റ്റിൽ പ്രത്യേക കെ-ടെറ്റ് പരീക്ഷ നടത്തിയിരുന്നെങ്കിലും ചിലർ വിജയിച്ചില്ല.

കെ-ടെറ്റ് യോഗ്യത നേടാത്തതിനാൽ പ്രൊബേഷൻ, ഇൻക്രിമെൻ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. 2023ൽ പ്രത്യേക കെ.ടെറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കും 2025 ലെ പ്രത്യേക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കും നിയമന തീയതി കണക്കാക്കി പ്രൊബേഷൻ പൂർത്തിയായതായി പ്രഖ്യാപിക്കേണ്ടതും ഇൻക്രിമെന്റ് അനുവദിക്കേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.2012 ജൂൺ ഒന്നു മുതൽ 2019-20 അധ്യയനവർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായവരിൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
