
സംസ്ഥാനത്ത് മഴ ശക്തമാകുന്നു
- മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെലോ അലർട്ട് ആണ് . തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
