
സിനിമാതിയറ്ററിന്റെ മേൽക്കൂര തകർന്ന് വീണ് 4 പേർക്ക് പരിക്ക്
- വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്
മട്ടന്നൂർ: സിനിമ കാണുന്നതിനിടെ തിയറ്ററിന്റെ മേൽക്കൂര തകർന്ന് വീണ് നാലുപേർക്ക് പരിക്ക്. മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ച വാട്ടർടാങ്ക് തകർന്നാണ് അപകടം. മട്ടന്നൂർ കോടതിക്ക് സമീപത്തെ സഹീനാ സിനിമാസിൻ്റെ മേൽക്കൂരയാണ് തകർന്നുവീണത്. ശനി വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശികളായ കെ സി വിജിൽ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഡിവണ്ണിൽ ലക്കിഭാസ്കർ സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് സംഭവം. വാട്ടർടാങ്ക് പൊട്ടിവീണ് ഹാളിൻ്റെ പിൻഭാഗമാണ് തകർന്നത്. ദേഹത്ത് സ്ലാബ് വീണാണ് പിൻഭാഗത്തെ സീറ്റിലിരുന്ന് സിനിമ കാണുകയായിരുന്ന വിജിലിന് തലയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തിയേറ്ററിനുള്ളിൽ വെള്ളം തളംകെട്ടിക്കിടന്നു. തിയറ്ററിൽ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.