
ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
- നടപടിയെടുത്തത് കൊടുവള്ളി ആർടിഒ
താമരശ്ശേരി: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. മൂന്ന് മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് റാഫിഖിന്റെ ലൈസൻസാണ് റദ്ദാക്കിയത്. നടപടിയെടുത്തത് കൊടുവള്ളി ആർടിഒ ആണ്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം 4.50ന് കല്പറ്റയിൽനിന്ന് കോഴിക്കോട്ടേക്ക് പോകവെ റാഫിഖ് ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുകയായിരുന്നു. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ വീഡിയോ എടുത്ത് താമരശ്ശേരി പോലീസിൽ അറിയിക്കുകയും പരാതി മോട്ടോർവാഹന വകുപ്പിന് കൈമാറുകയുമായിരുന്നു. പരാതി വന്നതിനെ തുടർന്ന് റാഫിഖിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിയത്.

CATEGORIES News