
മീൻപിടിത്ത ബോട്ടുകളിൽ ട്രാൻസ്പോണ്ടറുകൾ വരുന്നു
- സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായാണിത്. റേഡിയോ സിഗ്നൽ സ്വീകരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനമാണ് ട്രാൻസ് പോണ്ടറുകൾ.
ബേപ്പൂർ: സംസ്ഥാനത്ത് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്നു. സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായാണിത്. റേഡിയോ സിഗ്നൽ സ്വീകരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനമാണ് ട്രാൻസ് പോണ്ടറുകൾ. സന്ദേശവിനിമയ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ബോട്ടുകളെ കരയിൽനിന്ന് എല്ലാ സമയവും നിരീക്ഷിക്കാൻ ഇതുകൊണ്ട് സാധിക്കും.
കേരളത്തിൽ 3852 യന്ത്രവത്കൃത ബോട്ടുകളാണുള്ളത്. 2648 ബോട്ടുകൾ മോട്ടോറിന്റെ സഹായത്താൽ പ്രവർത്തിക്കുന്നവയാണ്. ഒമ്പത് തീരദേശ ജില്ലകളിലെ ബോട്ടുകൾക്കാണ് പുതിയ സംവിധാനം സഹായകമാവുക.
24.84 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 8.73 കോടി രൂപ സംസ്ഥാന വിഹിതവും ബാക്കി കേന്ദ്രത്തിന്റെ പങ്കുമാണ്. കോഴിക്കോട് ജില്ലയിൽ പുതിയാപ്പയിലും ബേപ്പൂരിലുമായി 1118 ബോട്ടുകൾക്കും കൊല്ലത്ത് 980 ബോട്ടുകൾക്കും തിരുവനന്തപുരത്ത് 817 ബോട്ടുകൾക്കുമാണ് ഇപ്പോൾ ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുക.