
വായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങൾ ബാങ്കുകൾ പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി
- ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി
കൊച്ചി: വായ്പ തിരിച്ചടയ്ക്കാനായി വായ്പയെടുത്തവരുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി ചൂണ്ടികാട്ടി. വ്യക്തിയുടെ അന്തസ്സോടെയും പ്രശസ്തിയോടെയും ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുമെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ ഹരജി തള്ളിയായിരുന്നു കോടതിയുടെ പരാമർശം.

ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസുകൾക്ക് മുന്നിൽ സ്ഥാപിച്ച കടം വാങ്ങിയവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്ളക്സ് ബോർഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിർദേശത്തെ ചോദ്യം ചെയ്‌താണ് ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹരജി നൽകിയത്.

ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഏതെങ്കിലും ആക്ടിലോ ചട്ടങ്ങളിലോ പറഞ്ഞിരിക്കുന്ന രീതിയല്ലെന്നും കോടതി വ്യക്തമാക്കി.