
സ്കൂളുകൾക്ക് അടുത്തായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ കലക്ടറുടെ നിർദ്ദേശം
- അപകടങ്ങൾ കുറയ്ക്കാനാണ് പുതിയ നിർദ്ദേശം
കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾക്കു മുന്നിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽപോകുന്ന സാഹചര്യം ഒഴിവാക്കാൻ റോഡുകളിൽ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി.
ഇതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകൾക്കു മുന്നിലൂടെ കടന്നുപോവുന്ന ഏതൊക്കെ റോഡുകളിൽ വേഗനിയന്ത്രണ സംവിധാനം നിലവിലില്ലെന്നു കണ്ടെത്തി പട്ടിക തയ്യാറാക്കാനും അത് ബന്ധപ്പെട്ട റോഡ് അധികൃതർക്ക് നൽകാനും കലക്ടർ നിർദ്ദേശിച്ചു.ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ രീതിയിൽ റോഡരികുകളിൽ സ്ഥാപിച്ച ഹോർഡിംഗുകളും ബോർഡുകളും മാറ്റുകയോ ആവശ്യമായ മറ്റ് പരിഹാര നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കൗൺസിൽ യോഗം നിർദ്ദേശം നൽകി.

കോഴിക്കോട് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ കെട്ടിടത്തിന് സമീപം സീബ്രാ ക്രോസിംഗ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കോഴിക്കോട് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട് .മിഠായിത്തെരുവ് വഴി വാഹനങ്ങൾ കടത്തിവിടുന്നത് കാൽനട യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുമെ ന്നതിനാൽ നിലവിലെ സ്ഥിതി തുടരാൻ യോഗം തീരുമാനിച്ചു. റോഡരികുകളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗം ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകി.