റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയ’ സജ്ജമാക്കാനൊരുങ്ങി റെയിൽവേ

റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയ’ സജ്ജമാക്കാനൊരുങ്ങി റെയിൽവേ

  • കഴിഞ്ഞ ദിവസം ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത്

ന്യൂഡൽഹി:റെയിൽവേ സ്‌റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി റെയിൽവേ. കഴിഞ്ഞ ദിവസം ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയ’ സജ്ജമാക്കുകയാണ് ചെയ്യുക. തിരക്ക് കൂടുന്ന അവസരങ്ങളിൽ യാത്രക്കാരെ പ്രത്യേകമായി സജ്ജമാക്കിയ ഇടങ്ങളിൽ കാത്ത് നിൽക്കാനനുവദിച്ച് നിയന്ത്രിത രീതിയിൽ ട്രെയിനുകളിൽ കയറാനനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കാൻ പോവുന്നത്. തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിലായിരിക്കും ‘ഹോൾഡിങ് ഏരിയ’ സജ്ജമാക്കുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം അറിയിച്ചത്.

ഹോൾഡിങ് ഏരിയകൾ പ്രത്യേകമായി സജ്ജമാക്കുന്നത് തിരക്ക് കൂടുന്ന വിശേഷദിവസങ്ങളിലാണ്. ഈ സംവിധാനത്തിലൂടെ ട്രെയിനിൽ കയറാനുള്ള യാത്രക്കാരുടെ തിക്കും തിരക്കും കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി യാത്രക്കാർക്കിടയിൽ ബോധവത്കരണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കൂടാതെ ഡൽഹിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ച് എല്ലാവരിൽ നിന്നും സാധ്യമായ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ തേടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വ്യാപാരികൾ, ഓട്ടോ-ടാക്സി യൂണിയനുകൾ, ചുമട്ടുതൊഴിലാളികൾ, യാത്രക്കാർ, പോലീസുകാർ തുടങ്ങി എല്ലാ വിഭാഗക്കാർക്കും ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിലെ പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ അറിയിക്കാം. നിർദേശങ്ങൾ പരിഗണിച്ച് ത്വരിതഗതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടി ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )