
മെഡിക്കൽ കോളേജ് മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനത്തിന് സജ്ജമായി
- മെഡിക്കൽ കോളേജിലെ രണ്ടാമത്തെ മലിനജല സംസ്കരണപ്ലാന്റാണിത്. 27-ന് രാവിലെ 10- മണിക്ക് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച മലിനജലസംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നു. മെഡിക്കൽ കോളേജിലെ രണ്ടാമത്തെ മലിനജല സംസ്കരണപ്ലാന്റാണിത്. 27-ന് രാവിലെ 10- മണിക്ക് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യപ്ലാൻ്റ് പ്രവർത്തനം തുടങ്ങിയത്. ഇത് രണ്ടുംകൂടി പ്രവർത്തിക്കുമ്പോൾ 3.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാൻ്റുകളാവും. ദിവസേന 20- ലക്ഷം ലിറ്ററിലേറെ വെള്ളം സംസ്കരിക്കാൻ ശേഷിയുള്ള 2.1 എംഎൽഡി പ്ലാന്ററാണ് നിലവിൽ പ്രവർത്തിക്കുന്നത്. കക്കൂസ് മാലിന്യം സംസ്ക്കാരിക്കാനുള്ള പ്രത്യേക സംവിധാനം പ്ലാന്റിനുണ്ട്. ഇപ്പോൾ ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ്റാണ് പൂർത്തിയായിട്ടുള്ളത്.സംസ്കരിച്ച വെള്ളം കനാലിലേക്ക് ഒഴുക്കിവിടും.14.12 കോടി ചെലവിട്ടാണ് രണ്ട് പ്ലാൻ്റുകളും നിർമിച്ചത്.
മെഡിക്കൽ കോളേജ് ഹോസ്റ്റൽ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, നഴ്സിങ് കോളേജ് എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള മലിനജലം ഇവിടെയെത്തിച്ച് സംസ്കരിക്കും. ആകെ 45 ലക്ഷം ലിറ്റർ മലിനജലം ഒരു ദിവസവുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഏറെക്കാലമായി പ്രദേശവാസികൾ മലിനജലപ്രശ്നം അനുഭവിക്കുന്നുണ്ട്. അതിനുള്ള പരിഹാരം കൂടിയാണ് പ്ലാൻ്റ്. ഭാവിയിൽ സമീപ വാർഡുകളിലെ മലിനജലം കൂടി ഇവിടെയെത്തിച്ച് സംസ്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാന്റിന്റെ ട്രയൽറൺ 22-ന് നടത്താനാകുമെന്നാണ് കരുതുന്നത്.