
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വേണ്ട
- മാർഗനിർദേശവുമായി സംസ്ഥാന ശുചിത്വമിഷൻ.
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യപ്രചാരണ ബാനറുകൾ, ബോർഡുകൾ, തുടങ്ങി പുനഃചംക്രമണത്തിന് സാധ്യതയില്ലാത്ത പിവിസി ഫ്ലെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
100 ശതമാനം കോട്ടൺ, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ ഉപയോഗിക്കാം. എന്നാൽ ഇവയിൽ പിവിസി ഫ്രീ റീസൈക്ലബിൾ ലോഗോയും ബാനറിൽ യൂണിറ്റിന്റെ പേരും നമ്പറും പതിക്കണം. കൂടെ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ ക്യുആർ കോഡ് എന്നിവയും പതിച്ചുമാത്രമേ ഉപയോഗിക്കാവൂ. സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന സാംപിളുകൾ സമർപ്പിക്കുകയും വേണം. കോട്ടൺ വസ്തുക്കൾ കേന്ദ്രസർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടൺ എന്നും പിവിസി ഫ്രീ, റീസൈക്ലബിൾ പോളി എത്തിലിൻ എന്നും സാക്ഷ്യപ്പെടുത്തി മാത്രമേ വിൽപ്പന നടത്താവൂ.
ഉപയോഗശേഷം പോളി എത്തിലിൻ ഷീറ്റ് പ്രിന്റ്റിങ് യൂണിറ്റിലേക്കുതന്നെയോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ നൽകണം. അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ സേനയ്ക്കോ ക്ലീൻ കേരള കമ്പനിക്കോ യൂസർ ഫീ നൽകി റീസൈക്ലിങ്ങിനായി തിരിച്ച് നൽകുകയും ചെയ്യണം .