
പിഞ്ചുകുഞ്ഞും വിദ്യാർഥികളുമുൾപ്പെടെ 19 പേരെ കടിച്ച നായക്ക് പേവിഷബാധ
- 50-ഓളം നായകളിൽ ഇതിനോടകം കുത്തിവെപ്പുനടത്തി
കോഴിക്കോട് : നഗരത്തിൽ ചൊവ്വാഴ്ച നാലുവയസ്സുകാരിയുൾപ്പെടെ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സിഎച്ച് മേൽപ്പാലം, ക്രിസ്ത്യൻ കോളേജ്, അശോകപുരം, മാനാഞ്ചിറ, നടക്കാവ് എന്നിവിടങ്ങളിൽനിന്ന് പിഞ്ചുകുഞ്ഞും വിദ്യാർഥികളുമുൾപ്പെടെ 19 പേർക്കാണ് നായയുടെ കടിയേറ്റത്.

അവർക്ക് ഉടനെ വാക്സിൻനൽകി.
ബുധനാഴ്ചയാണ് അശോകപുരത്തുനിന്ന് കോർപ്പറേഷൻ്റെ നേതൃത്വത്തിലുള്ള പട്ടിപിടിത്തക്കാർ സാഹസികമായി നായയെ പിടികൂടിയത്. പൂളക്കടവ് എബിസി സെന്ററിലെത്തിച്ച നായ വ്യാഴാഴ്ച രാവിലെ ചത്തു. ഇത് മറ്റുനായകളെയും കടിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. തെരുവുനായകൾക്ക് പ്രതിരോധകുത്തിവെപ്പുനൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. 50-ഓളം നായകളിൽ ഇതിനോടകം കുത്തിവെപ്പുനടത്തിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.