
കോഴിക്കോട് ജില്ലയിൽ സ്‌കൂളുകളിലെ ഒഴിവുകൾ ഒഴിച്ചിട്ടതായി ആരോപണം
- ചില സ്കൂളുകളിലെ ഒഴിവുകൾ മനഃപൂർവം നികത്താതെയിട്ടു.
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ ഓൺലൈനായി അപേക്ഷിച്ച ചില അധ്യാപകർക്കു സ്‌ഥലംമാറ്റം കൊടുക്കാതെ ചില സ്കൂളുകളിലെ ഒഴിവുകൾ ഒഴിച്ചിട്ടതായി ആരോപണം. വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ ഓഫിസ് കേന്ദ്രീകരിച്ച് സർക്കാർ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ ജില്ലാന്തര ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടന.

എല്ലാവർഷവും പൊതുവിദ്യാഭ്യാസ വകുപ്പ് പൊതു സ്‌ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുകയും മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിൽ സീനിയോറിറ്റി ലിസ്‌റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. പരാതികൾ പരിഹരിച്ച് തയ്യാറാക്കുന്ന പട്ടികയിൽ നിന്നാണു സ്‌ഥലംമാറ്റം. ജൂൺ ആദ്യവാരം ഈ പട്ടികയിൽ നിന്ന് കുറച്ച് പേർക്ക് ട്രാൻസ്‌ഫർ നൽകി. എന്നാൽ, ചില സ്കൂളുകളിലെ ഒഴിവുകൾ മനഃപൂർവം നികത്താതെയിട്ടു. തുടർന്ന് ഈ സ്‌കൂളുകളിലേക്ക് തയാറാക്കിയ സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെട്ട അധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫിസിൽ പരാതി നൽകി.