
കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് വാങ്ങിയത് 1,00,961 പേർ
- അകൗണ്ടിലെത്തിയത് ഒരു കോടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത് 1,00,961 പേരാണ്. ഒരു കാർഡിന് വില 100 രൂപയാണ് . ഇത് പരിഗണിക്കുമ്പോൾ കാർഡ് വിൽപനയിലൂടെ മാത്രം ഒരു കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ അകൗണ്ടിലെത്തിയത്. കാർഡ് റീചാർജ് ചെയ്താണ് ഉപയോഗിക്കേണ്ടത്. കുറഞ്ഞത് 50 രൂപക്കും പരമാവധി 3000 രൂപക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. അതേസമയം കാർഡിന് കടുത്ത ക്ഷാമമുണ്ട്. അഞ്ച് ലക്ഷം കാർഡുകൾക്കുകൂടി ഓർഡർ നൽകിയെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 50,000 കാർഡുകൾ ഒരാഴ്ചക്കുള്ളിലെത്തും. ശേഷിക്കുന്നവ ഘട്ടംഘട്ടമായും എത്തും.

കാർഡിൻ്റെ കാലാവധി ഒരു വർഷമാണ്. മറ്റൊരാൾക്ക് കൈമാറുന്നതിനും തടസ്സമില്ല. കാർഡ് പ്രവർത്തനരഹിതമായാൽ തൊട്ടടുത്ത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി അപേക്ഷ നൽകിയാൽ, അഞ്ച് ദിവസത്തിൽ പുതിയത് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതിലേക്ക് മാറ്റി ലഭിക്കും. കാർഡിന് കേടുപാട് സംഭവിച്ചാൽ പകരം ലഭിക്കില്ല.