
കേന്ദ്ര അവഗണനയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുക- കെഎസ്ടിഎ
- ഡിഡിഇ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ അഡ്വ. കെ പ്രേംകുമാർ ( എം എൽ എ ) ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:സംസ്ഥാന വ്യാപകമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക -പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഏകീകരണ നടപടികൾ പൂർത്തീകരിക്കുക, ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ അംഗീകരിക്കുക,യു ഐ ഡി ഇല്ലാത്ത കുട്ടികളെയും തസ്തിക നിർണയത്തിൽ പരിഗണിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സംസ്ഥാന വ്യാപകമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച അധ്യാപക മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരക്കണക്കിന് അധ്യാപകർ അണിനിരന്നു. ഡിഡിഇ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ അഡ്വ. കെ പ്രേംകുമാർ ( എം എൽ എ ) ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ പ്രസിഡന്റ് കെസി മഹേഷ് മുഖ്യഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നിയമം 2020 ന്റെ മറവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടുക,എയ്ഡഡ് സ്കൂൾ നിയമനം പി എസ് സി ക്ക് വിടുക,എസ് എസ് കെ യെ തകർക്കുന്ന കേന്ദ്ര നീക്കം ഉപേക്ഷിക്കുക,ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും പീരീഡ് കണക്കാക്കി കലാകായിക പ്രവർത്തി പരിചയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക തുടങ്ങിയ 36 മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് എൻ. സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി.രാജീവൻ കെ.ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. സതീശൻ, കെ.എൻ. സജീഷ് നാരായണൻ, വി.പി.മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും ജില്ല ട്രഷറർ പി.കെ രാജൻ നന്ദിയും പറഞ്ഞു.