
ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
- സർവകലാശാലയ്ക്ക് 23 ലേണിങ് സപ്പോർട്ടീവ് സെന്ററുകളാണ് ഉള്ളത്
കൊല്ലം:ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ നടത്തിപ്പിലും ഫീസ് പിരിവിലുമടക്കം ഗുരുതര ക്രമക്കേടെന്നു ഓഡിറ്റ് റിപ്പോർട്ട്. ലേണിങ് സപ്പോർടിങ് സെന്ററുകളുടെ പ്രവർത്തനത്തിൽ പര്യാപ്തമായ രേഖകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. ഫീസ് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ശ്രീനാരായണഗുരു ഓപൺ യൂണിവേഴ്സിറ്റിയിലെ നിയമനങ്ങളിൽ യോഗ്യത നിശ്ചയിച്ച് വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു മുതൽ ഇന്റർവ്യൂ ടെസ്റ്റ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും നിയമനങ്ങളിലും സുതാര്യതയില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ ആദ്യ കണ്ടെത്തൽ.

സർവകലാശാലയ്ക്ക് 23 ലേണിങ് സപ്പോർട്ടീവ് സെന്ററുകളാണ് ഉള്ളത്. ഇവയുടെ പ്രവർത്തനത്തിൽ പര്യാപത്മായ രേഖകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. അതുകൊണ്ടു തന്നെ നിലവിലെ എംഒയു പുതുക്കിപഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിന് ആഭ്യന്തര ഓഡിറ്റിങ് സംവിധാനം ഏർപ്പെടുത്തണമെന്നു റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സംവരണ വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന അർഹതയുള്ള കുട്ടികൾക്ക് ലഭിക്കുന്ന ഇ-ഗ്രാൻ്റിലെ കുട്ടികളുടെ ഫീസ് കുടിശ്ശിക എത്രയെന്നുള്ളതിലോ എത്ര കിട്ടിയെന്നതിലെ വിവരങ്ങളോ ഇല്ലെന്നും കണ്ടെത്തി.
