
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതവുമായി യുവാവ് പിടിയിൽ
- വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ (35) ആണ് പിടിയിലായത്.
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയൊരു ഇടവേളക്കുശേഷം പോലീസിൻ്റെ വൻ സ്വർണവേട്ട. കസ്റ്റംസിനെ കബളിപ്പിച്ച് 90 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരനെ പോലീസ് സംഘം പിടികൂടി. വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ (35) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫസലുറഹ്മാൻ

. കസ്റ്റംസ് പരിശോധനക്കുശേഷം രാവിലെ 11ന് ഇയാൾ വിമാനത്താവളത്തിന് പുറത്തെത്തി. മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാത്തുനിന്ന കരിപ്പൂർ പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിതരൂപത്തിലാക്കി കാൽപാദങ്ങൾക്കടിയിൽ വിദഗ്ധമായി ഒട്ടിച്ചുവെച്ച നിലയിൽ 843 ഗ്രാം സ്വർണമിശ്രിതം പോലീസ് പിടിച്ചെടുത്തു.
