
സ്വർണപാളിവിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി മണ്ഡലം
- അനധികൃത സ്വത്ത് സമ്പാദ്യം കണ്ട്കെട്ടണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.
തിരുവനന്തപുരം:ശബരിമലയിലെ ദ്വാരപാലക വിഗ്രഹം 1998 ൽ സ്വർണ്ണം പൊതിഞ്ഞതും 2019 മുതൽ വീണ്ടും സ്വർണ്ണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നടപടികളിലെ വീഴ്‌ചയും അഴിമതിയും കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കുന്നതിനായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേരള ഹൈക്കോടതിയോട് തന്ത്രി മണ്ഡലം അഭ്യർത്ഥിച്ചു.

2018 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ഭരിച്ചിരുന്ന പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ, ദേവസ്വം കമ്മിഷണർമാർ, തിരുവാഭരണം കമ്മീഷണർമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ആഫീസർമാർ എന്നിവരെ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം കൂട്ടു പ്രതികളാക്കി കേസ് മുന്നോട്ട് കൊണ്ടുപോയി കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ഈ കാലയളവിലെ ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം കണ്ട്കെട്ടണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ഥാവര – ജംഗമ വസ്‌തുക്കളുടെ രജിസ്റ്ററുകൾ സൂക്ഷിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.
