
കൊപ്ര സംഭരണം- കേരളത്തിന് അവഗണന
- തമിഴ്‌നാട്ടിൽ കൊപ്രസംഭരണം തുടങ്ങി
- കേരളത്തിൽ ഉണ്ടക്കൊപ്ര ഉത്പാദനം നാമമാത്രമായതിനാൽ സംഭരണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രനിലപാട്
വടകര: കാത്തിരിപ്പ് തുടർന്ന് കേരളം. താങ്ങുവില പദ്ധതി പ്രകാരം കൊപ്ര സംഭരണത്തിന് കേരളം അനുമതി കാത്തിരിക്കവേ തമിഴ്‌നാട്ടിൽ സംഭരണം തുടങ്ങികഴിഞ്ഞു. 2024 വർഷത്ത താങ്ങുവിലയായ 11,160 രൂപയ്ക്ക് 33 ജില്ലകളിലെ റെഗുലേറ്റഡ് മാർക്കറ്റുകൾ വഴിയാണ് സംഭരണം നടക്കുന്നത്. കോയമ്പത്തൂർ ജില്ലയിലാണ് ആദ്യം സംഭരണം തുടങ്ങിയത്. മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽത്തന്നെ തുടങ്ങാൻ ഇരിക്കുകയാണ്.
കേരളം കാത്തിരിക്കുമ്പോൾ അനുമതി ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽത്തന്നെ സംഭരണം തുടങ്ങാൻ തമിഴ്‌നാടിനായി. 88,300 ടൺ കൊപ്രയും 2000 ടൺ ഉണ്ടക്കൊപ്രയും സംഭരിക്കാനാണ് അനുമതി. കൊപ്ര സംഭരണത്തിന് അനുമതി ആവശ്യപ്പെട്ട് കേരളം 14-നാണ് കേന്ദ്രത്തിന് കത്തയച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ കൂടി അനുമതി കിട്ടിയാലേ കേരളത്തിന് സംഭരണാനുമതി ലഭിക്കൂ.
തുടർച്ചയായ രണ്ടാം വർഷത്തിലും ഉണ്ടക്കൊപ്രയ്ക്ക് വിലയിടിഞ്ഞു നിൽക്കുമ്പോഴും കേരളത്തിൽ അതിന്റെ സംഭരണത്തിന് നടപടിയില്ല. നിലവിൽ 8900 രൂപയാണ് ഉണ്ടക്കൊപ്ര വില. കേന്ദ്രം പ്രഖ്യാപിച്ച 2024-ലെ താങ്ങുവില 12,000 രൂപ. താങ്ങു വില കിട്ടിയാൽ ഒരു ക്വിൻ്റലിന് 3100 രൂപയുടെ നേട്ടം കർഷകർക്കുണ്ടാകും. കർണാടകയ്ക്ക് 7000 ടൺ ഉണ്ടക്കൊപ്ര സംഭരിക്കാനുള്ള അനുമതി നേരത്തേ ലഭിച്ചു. ഇതിനുള്ള കർഷക രജിസ്ട്രേഷനും തുടങ്ങി. ഒരേക്കർ സ്ഥലത്തു നിന്ന് ആറ് ക്വിന്റൽ ഉണ്ടക്കൊപ്ര എന്ന നിലയ്ക്കാണ് കർണാടകയിലെ സംഭരണം. തമിഴ്‌നാട്ടിനും 2000 ഉണ്ടക്കൊപ്ര സംഭരിക്കാൻ അനുമതിയുണ്ട്.
2028-ൽ വില വൻതോതിൽ ഇടിഞ്ഞപ്പോൾ കേരളം ഉണ്ടക്കൊപ്ര സംഭരണത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ഇത്തവണ കൊപ്ര സംഭരണത്തിനൊപ്പം ഉണ്ടക്കൊപ്രയ്ക്കും അനുമതി തേടിയോ എന്നതിൽ വ്യക്തതയില്ല. കേരളത്തിൽ ഉണ്ടക്കൊപ്ര ഉത്പാദനം നാമ മാത്രമായതിനാൽ സംഭരണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രനിലപാട്. എന്നാൽ കർണാടക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉണ്ടക്കൊപ്ര ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്.