
എല്ലാവരെയും പാസാക്കേണ്ടെന്ന് കേന്ദ്രം;നിരന്തര മൂല്യനിർണയം മതിയെന്ന് കേരളം
- ഒട്ടുമിക്ക സംസ്ഥാനങ്ങളും ‘ഓൾ പാസ്’ നിർത്തലാക്കി
തിരുവനന്തപുരം : വിദ്യാർഥികളെയെല്ലാം പാസാക്കി വിടരുതെന്ന കേന്ദ്രനിർദേശം സ്വീകരിക്കാതെ കേരളം. പുതുക്കിയ സ്കൂൾ പാഠ്യപദ്ധതി വരാനിരിക്കുമ്പോഴും അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്കനുസരിച്ചു മാത്രമേ ഉയർന്ന ക്ലാസുകളിലേക്ക് പാസാക്കി വിടാവൂവെന്നാണ് പുതിയ കേന്ദ്ര നിർദേശം.
എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കരുതെന്നായിരുന്നു 2009-ൽ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമ്പോഴുള്ള നിർദേശം. ഈ വ്യവസ്ഥ 2019-ൽ പാർലമെന്റ് ഭേദഗതി ചെയ്തു. വിദ്യാർഥികളുടെ വിജ്ഞാനശേഷി നോക്കാതെ പാസാക്കി വിടുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ.
19 സംസ്ഥാനങ്ങൾ ഇതുവരെ നിയമം നടപ്പാക്കിയെങ്കിലും കേരളം തീരുമാനമെടുത്തിരുന്നില്ല. നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നാണ് കേരളത്തിന്റെ സമീപനം.
ഒട്ടുമിക്ക സംസ്ഥാനങ്ങളും ‘ഓൾ പാസ്’ നിർത്തലാക്കി. അഞ്ചിലും എട്ടിലും അർധ വാർഷിക പരീക്ഷയിൽ 25 ശതമാനവും വാർഷികപ്പരീക്ഷയിൽ 33 ശതമാനവും മാർക്കില്ലെങ്കിൽ കുട്ടികളെ പാസാക്കില്ല. മാർക്കില്ലാത്തവർക്ക് ഒരവസരംകൂടി നൽകാൻ പ്രത്യേക പരീക്ഷ നടത്തും.