
സംസ്ഥാനത്ത് നിയമസഭതെരഞ്ഞെടുപ്പ് വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
- ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും കടുത്ത വേനൽച്ചൂട് അവഗണിച്ച് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം :സംസ്ഥാനത്ത് നിയമസഭതെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും കടുത്ത വേനൽച്ചൂട് അവഗണിച്ച് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിൻ്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്താൻ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
