
ബോട്ട് സർവീസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കു കർശനമായ പിഴയും ശിക്ഷയും ഉറപ്പാക്കും
- കുറ്റം ആവർത്തിച്ചാൽ 25,000 രൂപ പിഴ ചുമത്തും.
തിരുവനന്തപുരം: അവധിക്കാലം ആരംഭിക്കുകയും കുട്ടികളുമൊത്തു കുടുംബാംഗങ്ങൾ യാത്രകൾ നടത്തുകയും ചെയ്യുമ്പോൾ ബോട്ട് യാത്രകൾക്കു കർശന സുരക്ഷ ഉറപ്പാക്കാൻ കേരള മാരിടൈം ബോർഡ്. ബോട്ട് സർവീസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കു കർശനമായ പിഴയും ശിക്ഷയും ഉറപ്പാക്കാനാണു നീക്കം. ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല. ജീവൻ രക്ഷാ ഉപകരണങ്ങൾ ബോട്ടിൽ ഇല്ലാത്ത പക്ഷം 50,000 രൂപ വരെയാണ് പിഴ ബോട്ടുകളിൽ അനധികൃത രൂപമാറ്റങ്ങൾ നടത്തിയാൽ 10,000 രൂപ വരെ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 25,000 രൂപ പിഴ ചുമത്തും. ആവശ്യമായ ജീവനക്കാരില്ലാതെയുള്ള സർവീസ് നടത്തിയാലും ഇതു തന്നെയാണ് ശിക്ഷ. ഇൻഷുറൻസ് ഇല്ലാതെ ബോട്ട് സർവീസ് നടത്തിയാൽ 10,000 രൂപ വരെ പിഴ ചുമത്തുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യും.

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ ചെയ്താൽ 50,000 രൂപ വരെ പിഴയും 13 വർഷത്തിൽ കവിയാത്ത തടവും ശിക്ഷ ലഭിക്കും. പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് നിയോഗിച്ചാൽ ദിവസേന 5,000 വരെ പിഴയും ആറ് മാസത്തിൽ കവിയാത്ത തടവും അനുഭവിക്കേണ്ടിവരും.നിയമലംഘനം കണ്ടെത്താൻ മൂന്നു തലത്തിലുള്ള പരിശോധനയാണു നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഉൾനാടൻ ജലയാനങ്ങൾ നിയന്ത്രിക്കാൻ വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂർ, ബേപ്പൂർ, അഴീക്കൽ എന്നീ ആറ് പോർട്ട് ഓഫ് റജിസ്ട്രികളാണുള്ളത്.
ഇവിടുത്തെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാസത്തിൽ കുറഞ്ഞതു രണ്ടു തവണ പരിശോധന നടത്തും. കൂടാതെ റീജനൽ പോർട്ട് ഓഫിസറും സ്റ്റേറ്റ് സ്ക്വാഡും പരിശോധന നടത്തിയാണു സുരക്ഷ ഉറപ്പാക്കുന്നത്.
