
ശക്തമായ അവകാശവാദമുന്നയിച്ചിട്ടും പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം
- സിപിഎം. ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വെക്കുന്നത് സിപിഎമ്മാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം: ശക്തമായ അവകാശവാദമുന്നയിച്ചിട്ടും പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം. ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വെക്കുന്നത് സിപിഎമ്മാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം നിലപാടെടുക്കുമ്പോഴാണ് സിപിഎം കടുപ്പിക്കുന്നത്. സിപിഎമ്മിന് 26, സിപിഐക്ക് 8 ആർജെഡി ഒന്ന്; ആകെ 35 എംഎൽഎമാർ. സമീപകാലത്തെ ഏറ്റവും ശുഷ്കമായ പ്രതിപക്ഷ നിരയാണ്. ഇടതുമുന്നണിയിൽ സിപിഐക്ക് വേണ്ടത് മാന്യമായ പദവിയാണ്. കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതിൽ വ്യക്തതയില്ലാതെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.തെരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ടുപിന്നാലെ സിപിഐ ഉന്നയിക്കുന്ന ആവശ്യം സിപിഎം കേട്ട ഭാവം നടിച്ചിട്ടില്ല. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല. കെഎൻ ബാലഗോപാലാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരിക്കുന്നത്. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാൽ ആണ്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ല. ഇത്ര ദിവസമായിട്ടും എഡിഎഫ് പാർലമെന്ററി പാർട്ടിയോഗം ചേർന്നിട്ടില്ല. നന്ദിപ്രമേയ ചർച്ചക്ക് മുൻപെങ്കിലും യോഗം ചേരണമെങ്കിൽ ഇതിൽ തീരുമാനം വേണം. പിഎം ശ്രീ അടക്കം വിഷയങ്ങളിൽ സിപിഐ ഉന്നയിച്ച ആവശ്യങ്ങൾ വിവാദമുണ്ടാക്കിയിരുന്നു. അന്ന് മുതലേ സിപിഎം – സിപിഐ ബന്ധം അത്ര സുഖകരമല്ല. കനത്ത തോൽവിക്ക് ശേഷം ഇത്തരം ആവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മിന്.
