
അന്വേഷണ റിപ്പോർട്ട് ലഭിച്ചു;സമരം അവസാനിപ്പിച്ച് അതിജീവിത
- വെള്ളിയാഴ്ചയാണ് സമരം അവസാനിപ്പിച്ചത്.
കോഴിക്കോട് :മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത പത്തുദിവസത്തോളം നീണ്ട സമരം അവസാനിപ്പിച്ചു. അന്വേഷണ റിപ്പോർട്ട് ഒടുവിൽ പോലീസ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ സമരം നടത്തിയത് പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായി നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടാണ്. വെള്ളിയാഴ്ചയാണ് സമരം അവസാനിപ്പിച്ചത്. ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമൻ വ്യാഴാഴ്ച തന്നെ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. അതിജീവിത വെള്ളിയാഴ്ച രാവിലെ വിവരാവകാശപ്രകാരം ആവശ്യപ്പെട്ടതുപ്രകാരം ഐ.ജി. കമ്മിഷണർക്ക് നൽകിയ ഉത്തരവിൻ്റെ പകർപ്പ് കിട്ടി .
റിപ്പോർട്ട് രണ്ടുദിവസത്തിനകം കിട്ടുമെന്ന പ്രതീക്ഷയിൽ സമരം അവസാനിപ്പിക്കുകയാണെന്ന് അതിജീവിതയും സമരസമിതി പ്രവർത്തകരും അറിയിക്കുകയായിരുന്നു. ശേഷം റിപ്പോർട്ടിന്റെ പകർപ്പ് വൈകുന്നേരത്തോടെ ലഭിച്ചു. റിപ്പോർട്ടിൻ്റെ പകർപ്പ് കൊടുക്കുന്നതിന് തടസ്സമില്ലെന്ന ജില്ലാ പബ്ലിക് പ്രോസി ക്യൂട്ടറുടെ നിയമോപദേശം ലഭിച്ചശേഷമാണ് പോലീസ് അത് കൊടുത്തത്.