
പത്തനംതിട്ടയിൽ ആദ്യ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം 6 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ ആദ്യ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആറന്മുള എഴിക്കാട് ഉന്നതിയിലെ 10 വയസുള്ള പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഷിഗെല്ല രോഗബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.കുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം 6 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ കണ്ടെത്തിയത്.ജൂൺ മാസത്തിൽ മാത്രംസംസ്ഥാനത്ത് 200 ൽ അധികംഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടർന്ന് സംസ്ഥാനത്ത് ആറുമരണങ്ങളും നടന്നിട്ടുണ്ട്.
