
കീബോർഡിൽ വിസ്മയം തീർത്ത് ഹരിനന്ദ്; തുഞ്ചൻ സ്മാരക ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന് സമാപനം
- പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. വി.കെ. ജോബിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു
വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവന്ന വായനാ പക്ഷാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വല സമാപനം. സമാപന ചടങ്ങും ഒപ്പം ഐ.വി. ദാസ് അനുസ്മരണവും ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. വി.കെ. ജോബിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിന് മാറ്റുകൂട്ടി ടാലെന്റ് ഷോകളിലൂടെ ശ്രദ്ധേയനായ കുട്ടിപ്രതിഭ ഹരിനന്ദ് പി. ഒരുക്കിയ സംഗീത വിരുന്ന് വേദിയിലിരുന്നവരുടെ മനസ്സ് കവർന്നു. ‘മാന്ത്രിക വിരൽ സ്പർശത്തിലൂടെ കീബോർഡിൽ വിസ്മയം തീർക്കുന്നവൻ’ എന്ന വിശേഷണത്തെ അന്വർത്ഥമാക്കും വിധം പ്രശസ്തമായ നിരവധി ഗാനങ്ങളാണ് ഹരിനന്ദ് വേദിയിൽ വായിച്ചവതരിപ്പിച്ചത്.

ഹരിനന്ദിന്റെ വിരൽത്തുമ്പിൽ വിരിഞ്ഞ സംഗീത മനോഹാരിത സദസ്സിന് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ വിരുന്നായി മാറി.
ചടങ്ങിൽ ലൈബ്രറി ഭാരവാഹികളും, സാംസ്കാരിക രംഗത്തെ പ്രമുഖരും, നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഹരിനന്ദിന്റെ മികച്ച പ്രകടനത്തെ ലൈബ്രറി കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
