
വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു
- . കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ വികസനം കണക്കാക്കപ്പെടുന്നത്
തിരുവനന്തപുരം: വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാർഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്.സമ്പൂർണ്ണ കയറ്റിറക്കുമതി എന്ന നിർണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുന്നത്. നിലവിൽ വിഴിഞ്ഞത് അടുക്കുന്ന മദർഷിപ്പിൽ നിന്ന് മറ്റു ചെറിയ കപ്പലുകളിലേക്ക് ചരക്കുകൾ മാറ്റി രാജ്യത്തിന്റെ മറ്റു തുറമുഖങ്ങളിൽ എത്തിക്കുന്നതായിരുന്നു നിലവിലെ രീതി. ഇനി വിഴിഞ്ഞത്ത് എത്തുന്ന മദർഷിപ്പിൽ നിന്നുള്ള ചരക്കുകൾ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്നറുകളിൽ കയറ്റി കരമാർഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് വികസനം സാധ്യമായത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ വികസനം കണക്കാക്കപ്പെടുന്നത്.

ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖത്തെ മാറ്റി കൊണ്ടുള്ളതാണ് ഈ പുതിയ മാറ്റം. സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂർ, ദുബൈ എന്നി തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്നവർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാൻ സാധിക്കും.
