
പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
- പാഠ്യ പദ്ധതിയും സ്കൂളുകളും തിരഞ്ഞെടുക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇന്ദിരാ ഭവനിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ശ്രീയിൽ നിന്നും പിന്മാറുന്നത് സാധ്യമല്ലെന്നാണ് നിയമോപദേശം. എന്നാൽ പാഠ്യ പദ്ധതിയും സ്കൂളുകളും തിരഞ്ഞെടുക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീയിൽ പാർട്ടി വികാരം മാനിക്കുമെന്നും ഉപസമിതി റിപ്പോർട്ട് വന്നശേഷം തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് ജോൺസൺ എബ്രഹാം യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി ജോസഫ് തുടങ്ങിയവരും ഇതേ നിലപാടാണ് സ്വീകരിച്ചത്. മുതിർന്ന നേതാക്കളായ പി.ജെ കുര്യൻ, കെ.സി ജോസഫ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ കെപിസിസിക്ക് പുതിയ അധ്യക്ഷൻ വേണമെന്നും ആവശ്യപ്പെട്ടു.
