കരുവാറ്റ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തിറക്കാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ (ജെജെബി) ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു

കരുവാറ്റ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തിറക്കാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ (ജെജെബി) ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു

  • ജെജെബി ഉത്തരവിനെതിരെ പ്രതികളായ കുട്ടികൾ നൽകിയ ക്രിമിനൽ റിവിഷൻ ഹർജി ജസ്റ്റിസ് ജി. ഗിരീഷ് തള്ളി.

കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ 67-കാരനായ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തിറക്കാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ (ജെജെബി) ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. ജെജെബി ഉത്തരവിനെതിരെ പ്രതികളായ കുട്ടികൾ നൽകിയ ക്രിമിനൽ റിവിഷൻ ഹർജി ജസ്റ്റിസ് ജി. ഗിരീഷ് തള്ളി. പൊതുജനങ്ങളുടെ ദൃഷ്ടിയിൽപ്പെടാതെ കുട്ടികളെ സംരക്ഷിക്കാൻ ജെജെബി ഏർപ്പെടുത്തിയ 13 കർശന വ്യവസ്ഥകൾ പര്യാപ്‌തമാണെന്നും തെളിവെടുപ്പിന്റെ തീയതിയും സമയവും മുൻകൂട്ടി പരസ്യപ്പെടുത്താത്തത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാനാണെന്നും കോടതി വ്യക്തമാക്കി.ജുവനൈൽ ജസ്റ്റിസ് നിയമം തന്നെ കൊടുംകുറ്റകൃത്യങ്ങളിൽ കുട്ടികൾ ഉൾപ്പെടുമ്പോൾ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾ കുട്ടികളാണെന്ന കാരണത്താൽ ക്രിമിനൽ അന്വേഷണത്തിൽ നിന്ന് പരിപൂർണ്ണ സംരക്ഷണം നൽകുന്ന ഒരു വകുപ്പും ജെജെ നിയമത്തിലില്ല. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ അനുസരിച്ച് കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്നതിന് യാതൊരു നിയമതടസ്സവുമില്ല. എന്നാൽ അന്വേഷണ പ്രക്രിയ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സംരക്ഷണ വ്യവസ്ഥകൾ ലംഘിക്കുന്നതാകരുത്.

കുട്ടികളെ ഒരിടത്തുനിന്ന് മറൊരിടത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്ന ‘എസ്കോർട്ടഡ് മൂവ്മെന്റ് രീതി ജെജെ നിയമത്തിന് അന്യമല്ലെന്നും തെളിവെടുപ്പിനും ഇത് ബാധകമാക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. തെളിവെടുപ്പ് വേളയിൽ ലേഡി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെയും ചൈൽഡ് വെൽഫെയർ ഓഫീസറുടെയും പൂർണ്ണ സാന്നിധ്യം ഉറപ്പാക്കാൻ ജെജെബി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക പീഡനമോ ഭീഷണിയോ ഉണ്ടാകുമെന്ന ആശങ്കകൾ പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )