
മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാനായി ഗുജറാത്തിലെത്തി നടൻ മമ്മൂട്ടി
- രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.’
ഗുജറാത്ത്:മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാനായി ഗുജറാത്തിലെത്തി നടൻ മമ്മൂട്ടി. ഗുജറാത്തിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രത്യേക വിഡിയോ ദൃശ്യങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തുമുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.’ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി പുരസ്കാരം പങ്കിടുന്നത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് ഇത്തവണ ഗുജറാത്തിലെ കെവാദിയയിലാണ് (ഏകതാ നഗർ) നടക്കുന്നത്.

കെവാദിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.1954 ൽ ആരംഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ഇതാദ്യമായാണ് ന്യൂഡൽഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്ത് വെച്ച് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് നൽകുന്ന ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രശസ്‌ത കന്നഡ താരം അനന്ത് നാഗ് ഏറ്റുവാങ്ങും.
