
പിണറായിക്കെതിരായ ഇഡി കത്ത്; എഫ്ഐആർ ഇടാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
- പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹർജിയിലെ ആരോപണം
തിരുവനന്തപുരം : മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിൽ എഫ്ഐആർ ഇടാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ.പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹർജിയിലെ ആരോപണം. കേസിൽ പ്രാഥമികാന്വേഷണം നടന്നു വരികയാണ്. ഇഡി കൈമാറിയ റിപ്പോർട്ടിലും തെളിവുകളിലും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നാണ് ഹർജിയിലെവാദം. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും, വ്യക്തമായ തെളിവുകൾ കൈമാറിയ സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഫയലുകളും രേഖകളും ആഭ്യന്തര വകുപ്പിൽനിന്ന് വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാർ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായിബന്ധപ്പെട്ടാണ് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. പിണറായി വിജയൻ, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശുപാർശ. ആരോപണങ്ങൾ സംബന്ധിച്ച അന്തിമ നിയമനടപടി അന്വേഷണത്തിന്റെയും തുടർ നിയമനടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും.
