
സന്തോഷത്തോടെ പഠിക്കാം” എന്ന പേരിൽ സംസ്ഥാനവ്യാപകമായി ബോധവത്കരണ ക്യാമ്പയിൻ നടപ്പാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ
- ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികൾ നടപ്പാക്കുന്നത്.
തിരുവനന്തപുരം :വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി “സന്തോഷത്തോടെ പഠിക്കാം” എന്ന പേരിൽ സംസ്ഥാനവ്യാപകമായി ബോധവത്കരണ ക്യാമ്പയിൻ നടപ്പാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികൾ നടപ്പാക്കുന്നത്. പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസിലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിന് ക്യാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകും.

വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിംഗ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് സംബന്ധിച്ചും പ്രത്യേക ബോധവത്കരണം നൽകും. വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽപ്പെടുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രത്യേക പരിപാടികൾ നടപ്പാക്കും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികൾ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാർഗനിർദേശവും കൗൺസലിംഗ് പിന്തുണയും ഉറപ്പാക്കും.
