
ഗ്യാനേഷ് കുമാർ നടത്തിയ അഴിമതി, ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഗ്യാനേഷ് കുമാറിനെതിരെ രണ്ടു മൂന്നു പരാതികൾ ആഭ്യന്തര മന്ത്രിയ്ക്ക് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ നടത്തിയ അഴിമതി, ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗ്യാനേഷ് കുമാറിനെതിരെ രണ്ടു മൂന്നു പരാതികൾ ആഭ്യന്തര മന്ത്രിയ്ക്ക് ലഭിച്ചിട്ടുണ്ട്. മലേഷ്യൻ കമ്പനിയായ പതിബെല്ലും, കേരള കമ്പനിയും ചേർന്നുള്ള കൺസോർഷ്യമാണ് എംസി റോഡ് പണിതത്. ആ കാലഘട്ടത്തിൽ നടന്നിട്ടുള്ള അഴിമതികളെക്കുറിച്ചാണ് സാജൻ എന്ന വ്യക്തി വിശദമായ പരാതി നൽകിയതെന്ന് ചെന്നിത്തല പറഞ്ഞു.മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് എഞ്ചിനീയറായിരുന്ന ലീയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബില്ലുകൾ തടഞ്ഞുവെക്കുകയും, ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലുമാണ് എന്നാണ് സാജന്റെ പരാതിയിൽ പറയുന്നത്. അതിൽ പ്രധാന കുറ്റക്കാരനായി ഗ്യാനേഷ് കുമാറിനെയാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ആ പരാതി വിജിലൻസിന് കൈമാറി അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം അനുമതി വേണമായിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് അതിന് അനുമതി നൽകിയിട്ടുണ്ട്.
വിജിലൻസ് ഡയറക്ടർ വിശദമായ അന്വേഷണത്തിനായി SU-1 ന് കൈമാറിയിട്ടുണ്ട്. എസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പരാതിയിൽ ധാരാളം പേർ മൊഴി നൽകാനായി മുന്നോട്ടു വന്നിട്ടുണ്ട്. മലയിൻകീഴ് വേണുഗോപാൽ എന്നയാളും ഗ്യാനേഷ് കുമാറിനെതിരെ പരാതി നൽകിയിട്ടുണ്ട്. കുമാറിന്റെ ചട്ട വിരുദ്ധ പ്രവർത്തനങ്ങൾ വിശദമായി അന്വേഷിക്കാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. വിജിലൻസ് അന്വേഷണങ്ങൾക്ക് തുടക്കമായെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
