
ശബരിമല തീർത്ഥാടനം : അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങൾ സജ്ജം
- ആശുപത്രികളിലും 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്
ശബരിമല : മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ആരോഗ്യവും സുരക്ഷയുമുറപ്പാക്കുന്നതിന് വിപുലമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളിലും ഇടത്താവളങ്ങളിലും ആശുപത്രികളിലും 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രധാന ആശുപത്രികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികൾക്ക് പുറമേ നീലിമല, അപ്പാച്ചിമേട്, ചരൽമേട്, കരിമല തുടങ്ങിയ തീർത്ഥാടന പാതകളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന ആശുപത്രികളിൽ അടിയന്തിര ചികിത്സയ്ക്കും വിദഗ്ധ ചികിത്സയ്ക്കുമാവശ്യമായ ക്രമീകരണങ്ങളും സജ്ജമാക്കി.

തീർത്ഥാടന പാതകളിൽ സ്ഥാപിച്ചിട്ടുള്ള 22 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ സേവനത്തോടൊപ്പം പ്രാഥമിക ചികിത്സ, അടിസ്ഥാന ജീവൻ രക്ഷാ സഹായം, ഓക്സിജൻ നില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനായി സാധാരണ ആംബുലൻസുകൾ, 108 ആംബുലൻസ് സേവനം, ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കാൻകഴിയുന്ന ഓഫ്റോഡ് ആംബുലൻസുകൾ, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ജനുവരി 21 വരെ പ്രവർത്തിക്കുന്ന ആശുപത്രികളിലായി 63 കിടക്കകളും 14ഐ.സി.യു. കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
