
കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്
- കവികളായ ബക്കർ മേത്തല ചെയർമാനും വർഗീസ്സാന്റണി പ്രസാദ് കാക്കശ്ശേരി അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്
കോഴിക്കോട് : മാനവികതയുടേയും മലയാള മണ്ണിൻ്റേയും ആത്മാവ് ഇഴ ചേർത്ത് ബന്ധങ്ങളും പ്രണയവും വിശപ്പും പട്ടിണിയും ഗ്രാമീണതയിൽ ചാലിച്ച് അമ്മുവിൻ്റെ ആട്ടിൻകുട്ടി വാസുവിന്റെ ജോലിത്തിരക്ക് കവിയോട് തുടങ്ങീ ശ്രദ്ധേയങ്ങളായ നിരവധി കാവ്യങ്ങൾ മലയാളത്തിന് സമ്മാനിച്ച കവിയാണ് കെ.എസ്കെ. തളിക്കുളം. ചങ്ങമ്പുഴക്ക് ശേഷം കൽപ്പനികത മലയാള കവിതയിൽ കൊണ്ടുവന്ന കെ.എസ്. കെ യുടെ സ്മരണാർത്ഥം കെ.എസ്കെ. തളിക്കുളം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തി നൽകി വരുന്ന കാവ്യപ്രതിഭ പുരസ്കാരം ഈ വർഷം വൈകുന്നേരങ്ങളുടെ സമാഹാരം എന്ന കാവ്യസമാഹാരത്തിലൂടെ സത്യചന്ദ്രൻ പൊയിൽക്കാവിന്.

കവികളായ ബക്കർ മേത്തല ചെയർമാനും വർഗീസ്സാന്റണി പ്രസാദ് കാക്കശ്ശേരി അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ജൂലൈ ഏഴ് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തളിക്കുളത്തെ തളിക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കവിയെ അനുസ്മരിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയും അടങ്ങുന്ന പുരസ്കാരം ജേതാവിന് സമ്മാനിക്കും.