
സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണം; ഹൈക്കോടതി
- വിഷയത്തിൽ വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു
കൊച്ചി: സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണമെന്നും കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്നും ഹൈക്കോടതി.
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. രഞ്ജിത് തമ്പാനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.
സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആവണം.
പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാവണമെന്നും കോടതി നിർദേശിച്ചു.