
വയനാട് ഉരുൾപൊട്ടൽ;17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല
- നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്
കൊച്ചി: വയനാട് ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ കുടുംബങ്ങളിലുള്ള 65 പേർ മരിച്ചു. 119 പേരെ കണ്ടെത്താനും ആയിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ.കുര്യാക്കോസ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സി.ഇ ഉണ്ണികൃഷ്ണൻ മുഖേന ഫയൽ ചെയ്ത വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 276 പേർ ആറ് ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് .

ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരുമായി പുനർ നിർമാണമടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടത്തിയതായും വിശദീകരണത്തിൽ പറയുന്നുണ്ട്. കൂടാതെ സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 30ന് ശേഷം ബാങ്കുകൾ ഈടാക്കിയ വായ്പാഗഡു തിരിച്ചു നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട് .അടിയന്തര സഹായമായി ബാങ്ക് വഴി 25,000 രൂപ ഈടില്ലാതെ വായ്പ നൽകുമെന്നും വിശദീകരണത്തിൽ പറയുന്നു.