
ഉപ്പ് – ജീവിതത്തിൻ്റെ ഉപ്പുപുരണ്ട കുട്ടികളുടെ സിനിമ

ഷാഹിദ് ഊരള്ളൂർ എഴുതുന്നു…✍🏽
- ഒരു കൊച്ചു കഥ എൻഎസ്എസിന്റെ ആശയവുമായി വിളക്കിച്ചേർത്ത് സ്ക്രീനിലെത്തിക്കാൻ ഉപ്പിന്റെ അണിയറ പ്രവർത്തകർക്കായി
കോഴിക്കോട് ജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കെപിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ ഉപ്പ് എന്ന സിനിമ പേരാമ്പ്ര അലങ്കാർ മൂവീസിൽ വെച്ച് കാണാനിടയായി.ഒരു സ്കൂളിന്റെ എൻഎസ്എസ് യൂണിറ്റ് ഒരു സിനിമ ഒരുക്കുമ്പോൾ അത് എവിടം വരെ പോകുമെന്നുള്ള അതിർ വരമ്പ് ആദ്യമേ മനസ്സിലുണ്ടായിരുന്നു. അതിനാൻ വലിയ പ്രതീക്ഷയൊന്നും കൂടാതെയാണ് സിനിമക്ക് തല വെച്ചത്.എന്നാൽ സിനിമ എന്നെ അത്ഭുതപ്പെടുത്തി.
മനോഹരമായ ഒരു കൊച്ചു സിനിമയാണ് ഉപ്പ്. ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിൽ നിന്നും വരുന്ന കുട്ടിയെ സഹപാഠികൾ തങ്ങളോട് ചേർത്ത് നിർത്തുന്നതാണ് മുഖ്യ പ്രമേയം. ഒരു വിദ്യാലയത്തിലെ ടീച്ചേർസ്സ്, പിടിഎ, മാനേജ്മന്റ് , വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരേയും കോർത്തിണക്കി, ആ വിദ്യാലയവും പരിസരവും ലൊക്കേഷനാക്കി, കേരളത്തിലെ ഒരു എൻഎസ്എസ് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും മികച്ച സിനിമ തന്നെയായിരിക്കും ‘ ഉപ്പ് ‘ എന്നാണ് ഞാൻ കരുതുന്നത്.

കൊച്ചു കഥ എൻഎസ്എസിന്റെ ആശയവുമായി വിളക്കിച്ചേർത്ത് സ്ക്രീനിലെത്തിക്കാൻ ഉപ്പിന്റെ അണിയറ പ്രവർത്തകർക്കായി. ഈ ക്വാളിറ്റിക്ക് മുഖ്യ കാരണം പ്രദീപ് കുമാർ കാവുന്തറയുടെ സ്ക്രിപ്റ്റ് ആണ്. പ്രഫഷണൽ ടച്ചോടുകൂടി അഭിനയിക്കാൻ ആദ്യമായി സിനിമയിലഭിനയിക്കുന്ന വിദ്യാർത്ഥികളടക്കം പലർക്കും കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ എം.എസ് ദിലീപാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സ്കൂളിന്റെ പേരിൽ ഒരു സിനിമ ചെയ്യുക എന്നത് ദിലീപ് മാഷിന്റെ മുമ്പേയുള്ള ആഗ്രഹമായിരുന്നു. രണ്ടുവർഷം മുമ്പ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി ചാർജടുത്തപ്പോഴാണ് ദിലീപ് മാഷ് തന്റെ ആഗ്രഹം പഞ്ചായത്ത് പ്രസിഡണ്ട് എം .സുഗതൻ മാസ്റ്ററുമായി പങ്കുവെച്ചത്. അധ്യാപകനും നല്ല വായനക്കാരനും സിനിമാപ്രേമിയുമായ സുഗതൻ മാസ്റ്റർ ഈ ആഗ്രഹത്തിന്റെ കൂടെ നിന്നപ്പോഴാണ് കഥയ്ക്കുവേണ്ടി കൃഷ്ണൻ ബാലനിയെ സമീപിക്കുന്നത്. അദ്ദേഹത്തിൻറെ കഥയെ അടിസ്ഥാനമാക്കി പ്രദീപ് കുമാർ കാവുന്തറ തിരക്കഥ ഒരുക്കി.

കൊറോണക്കാലത്ത് സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആയിരുന്ന സുഹറ. പി സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം റസിയ. എം പ്രിൻസിപ്പലായി ചാർജെടുത്തു. ആ സമയത്താണ് പുതിയ പോഗ്രാം ഓഫീസറായി കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ദിലീപ് മാഷ് ചുമതല ഏൽക്കുന്നത്.സിനിമയുടെ നിർമ്മാണം തുടങ്ങുന്നത് അപ്പോഴാണ് .സ്ഥാപനത്തിൻ്റെ മാനേജരായ അഡ്വക്കേറ്റ് കെ .പി മായിൻ, മാനേജ്മെൻറ് പ്രതിനിധികളായ പുതിയടുത്ത് ഫൈസൽ ഹാജി, ബീരാൻ ഹാജി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെന്റിലെ 14 അംഗങ്ങളും കൂടി ഒന്നരലക്ഷം രൂപയാണ് സിനിമക്കായി ഇനീഷ്യൽ മുടക്കുമുതൽ നൽകിയത്. കൂടാതെ മാനേജ്മെന്റിൻ്റെയും പിടിഎയുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും സഹായത്തോടെ അരിക്കുളത്തും സമീപപ്രദേശങ്ങളിലുമുള്ള നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണം കൂടിയായപ്പോൾ ദിലീപ് മാഷിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള വഴിതുറന്ന് കിട്ടി.
വളരെ ആവേശത്തിൽ ആരംഭിച്ച സിനിമയുമായി മുന്നോട്ടു പോകുമ്പോഴാണ്
പ്രിയപ്പെട്ട പ്രിൻസിപ്പൽ റസിയ ടീച്ചർ അകാലത്തിൽ വേർപിരിയുന്നത്.
തുടർന്ന് സിനിമ നിർമ്മാണം പ്രതിസന്ധിയിൽ ആയപ്പോൾ,
പുതുതായി പ്രിൻസിപ്പൽ ചാർജിൽ വന്ന ഷഫീഖ് അലിയുടെ ശ്രമത്തെ തുടർന്ന് സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ഗഫൂർ എലങ്കമലിൽ നിന്നും , സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപക അധ്യാപിക രജിത ടീച്ചറിൽ നിന്നും വായ്പയായി 100000 രൂപ സമാഹരിച്ചതോടെ സിനിമയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു.

കഴിഞ്ഞവർഷം സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൻഎസ്എസ് കൂട്ടായ്മ ഒരുക്കിയ കാൻറീൻ നടത്തിപ്പിലൂടെ ലഭിച്ച 25000 രൂപയും സിനിമയുടെ മുന്നോട്ടുള്ള യാത്രക്ക് മൂലധനമായി .നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധി സ്കൂളിലെ പ്രധാനാധ്യാപകൻ ഇടപെട്ട് പരിഹരിച്ചതോടെ സിനിമയുടെ നിർമ്മാണം പൂർണ്ണമാവുകയായിരുന്നു.
വയലുകളും തോടുകളും കൊണ്ട് സമ്പന്നമായ അരിക്കുളത്തിന്റെ ദൃശ്യഭംഗി സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.90% വും അവധി ദിവസങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. ഒരു പാട്ടു സീൻ ഷൂട്ടു ചെയ്യാൻ പാലക്കാട് പോയതും ജാസി ഗിഫ്റ്റിനെ കൊണ്ട് പാടിപ്പിക്കാൻ സാധിച്ചു എന്നതും . ശ്രദ്ധേയമാണ്.

നായികയായി അഭിനയിച്ച +2 സയൻസിലെ അലോക അനുരാഗിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. നായകൻ കാർത്തിക് അടക്കമുള്ള മറ്റ് കുട്ടികളും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.ടൈറ്റിൽ സോംങ്ങ് ആലപിച്ചതും സംഗീതസംവിധാനം ചെയ്തതും സംവിധായകൻ ദീലീപ് തന്നെയാണ്.

ഒരു പൊതു വിദ്യാലയം അതിന്റെ റിസോഴ്സ്സിനെ പരമാവധി ഉൾപ്പെടുത്തി ഒരു നാടിനെ അടയാളപ്പെടുത്തുന്നു എന്നതും ആ സ്കൂളിന്റെ എൻഎസ്എസ്
പ്രവർത്തനം സിനിമ തിയ്യേറ്റർ റിലീസ് ചെയ്യാൻ കഴിയുന്ന വിധത്തിലേക്ക് വളർന്നു എന്നതും അഭിനന്ദിക്കപ്പെടേണ്ട ഒരു പ്രവർത്തനം തന്നെയാണ്.