
T 20 ലോകകിരീടം ഇന്ത്യയ്ക്ക്
- എംഎസ് ധോണിക്കു ശേഷം ഇന്ത്യയെ ലോകകിരീടത്തിലേക്കു നയിച്ച് രോഹിത് ശർമയും
ബാർബഡോസ്: ഐസിസി ട്രോഫിക്കായുള്ള 11 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ബാർബഡോസിനു വിരാമം. എംഎസ് ധോണിക്കു ശേഷം ഇന്ത്യയെ ലോകകിരീടത്തിലേക്കു നയിച്ച് രോഹിത് ശർമയും ചരിത്രത്തിലേക്ക്. ഉജ്ജ്വലമായി പൊരുതിയ സൗത്താഫ്രിക്കയ്ക്കെതിരേ ഏഴു റൺസിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യൻ ടീം നേടിയത്2007 ടി20 ലോകകപ്പിൽ ജേതാക്കളായ ശേഷം ഇന്ത്യയുടെ ലോകകകപ്പ് നേട്ടമാണിത്. കൂടാതെ 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി ട്രോഫിയും കൂടെയാണ് .

177 റൺസിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നൽകിയത്. എന്നാൽ അവർക്കു എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഹെൻട്രിച്ച് ക്ലാസെൻ (52) തകർപ്പൻ ഫിഫ്റ്റി കുറിച്ചപ്പോൾ ക്വിൻ്റൺ ഡികോക്ക് (39), ട്രിസ്റ്റ്ൺ സ്റ്റബ്സ് (31), ഡേവിഡ് മില്ലർ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. വെറും 27 ബോളിൽ അഞ്ചു സിക്‌സറും രണ്ടു ഫോറുകളുമടക്കമാണ് ക്ലാസെൻ സൗത്താഫ്രിക്കയുടെ അമരക്കാരനായത്. മൂന്നു വിക്കറ്റുകളെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ബൗളിങ് നിരയിൽ മിന്നിച്ചത്. ജസ്പ്രീത് ബുംറയം അർഷ്ദീപ് സിങും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെന്ന ടോട്ടൽ ഇന്ത്യ പടുത്തുയർത്തിയത്. വിരാട് കോലിയുടെ (76) ഫിഫ്റ്റിയും അക്ഷർ പട്ടേലിന്റെ (47) ഇന്നിങ്സുമാണ് ഒരു ഘട്ടത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത്. ശിവം ദുബെയും (27) ടീം ടോട്ടലിലേക്കു നിർണായക സംഭാവന നൽകി.