
അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ
- കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരൻ ആവശ്യം
കൊച്ചി: അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡിഎംആർസിയെ ഏൽപ്പിച്ചാൽ കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം ഡിഎംആർസി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരൻ ആവശ്യം. ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും

.സിൽവർ ലൈൻ പദ്ധതിക്ക് എതിരെ ഉയർന്ന പ്രതിഷേധങ്ങൾ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. ഏറ്റവും നല്ല രീതിയിൽ കേരളത്തിൽ ചെയ്യാൻ കഴിയുന്ന പ്രൊജക്ടായിരിക്കും ഇതെന്നും ഉപസമിതി ചൂണ്ടിക്കാട്ടുന്നു. ഇ ശ്രീധരൻ നൽകിയിരിക്കുന്ന പ്രൊപ്പോസൽ പ്രകാരം തുരങ്കപാത വരുന്നത് പൂജപ്പുര മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെ 20 കിലോമീറ്ററായിരിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ.
