
അധികഭാരം വേണ്ട; നടപടിയുമായി ജില്ലാ റോഡ് സംരക്ഷണ അതോറിറ്റി കൗൺസിൽ യോഗം
- അധികഭാരവുമായി വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ബ്രിഡ്ജ് ഉൾപ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്താൻ ജിയോളജി, പോലീസ്, മോട്ടോർവാഹനവകുപ്പ് യോഗം വിളിച്ചു ചേർക്കും.
കോഴിക്കോട് : ചരക്ക് വാഹനങ്ങൾ അധികഭാരം കയറ്റി റോഡിൽ ഇറങ്ങിയാൽ കർശന നടപടിയെടുക്കാൻ ജില്ലാ റോഡ് സംരക്ഷണ അതോറിറ്റി കൗൺസിൽ യോഗം തീരുമാനിച്ചു. ഇത്തരം വാഹനങ്ങൾ റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുമെന്നതാണ് പരിശോധന കർശനമാക്കാൻ കാരണം.
പാവങ്ങാട് വെങ്ങാലി റോഡ്, രാമനാട്ടുകര മേൽപ്പാലം ജങ്ഷൻ, ചേലിയ ടൗൺ, അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ്, മുത്തമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകൾക്ക് സമീപവും കാൽനടപ്പാതയിലുമുള്ള ട്രാൻസ്ഫോർമറുകൾ, വൈദ്യുതത്തൂണുകൾ തുടങ്ങിയവ നീക്കാൻ കെ.എസ്.ഇ.ബി.ക്ക് നിർദേശം നൽകി. ഫറോക്ക്, രാമനാട്ടുകര, പൂക്കാട്, തേരായിക്കടവ്, മുത്തുബസാർ, മയ്യന്നൂർ റോഡ് എന്നിവിടങ്ങളിൽ അപകടത്തിനു കാരണമാകാവുന്ന മരങ്ങളും മുറിച്ചു നീക്കും.
കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് നിർമിക്കുന്നത് പരിഗണിക്കാൻ യോഗം തീരുമാനിച്ചു. മുക്കം അഗസ്ത്യൻമുഴി റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കും. അധിക ഭാരവുമായി വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ വേബ്രിഡ്ജ് ഉൾപ്പടെ സ്ഥാപിച്ച് ഭാര പരിശോധന നടത്താൻ ജിയോളജി, പോലീസ്, മോട്ടോർവാഹന വകുപ്പുകളുടെ യോഗം വിളിച്ചുചേർക്കാൻ കലക്ടർ സ്നേഹിൽകുമാർ സിങ് ഇതിനകം നിർദേശിച്ചിട്ടുണ്ട്.
CATEGORIES News
