
അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
- പ്രൈമറി ടീച്ചർ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങൾ ഇതിലുൾപ്പെടുന്നുണ്ട്.
തിരുവനന്തപുരം : 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാർശ മന്ത്രിസഭ പിഎസ് സിക്ക് നൽകുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗശേഷം അറിയിച്ചു.പ്രൈമറി ടീച്ചർ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങൾ ഇതിലുൾപ്പെടുന്നുണ്ട്.

സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർ ജില്ലാ സ്ഥലംമാറ്റ നടപടികളുടെ കാലതാമസം, സ്റ്റാഫ് ഫിക്സേഷൻ വൈകിയത് തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ യഥാസമയം കണ്ടെത്തി പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി. ഇതുമൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ട നിയമന അവസരങ്ങൾ കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് റാങ്ക് പട്ടിക നീട്ടാൻ തീരുമാനിച്ചത്.
