
അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു
- സുരക്ഷ മുൻനിർത്തി പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു. ക്യാമ്പിലെ ആളുകളെ തിരുവല്ല ടൗണിലെ സ്കൂളുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനും പ്രയാസമുണ്ട്. തിരുവല്ലക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെന്ന് വർഗീസ് മാമ്മൻ എംഎൽഎ പറഞ്ഞു. തിരുവല്ലയിലും അപ്പർ കുട്ടനാടൻ മേഖലകളിലും പ്രളയ സാഹചര്യം ഗുരുതരമായി തന്നെ തുടരുകയാണ്. തിരുവല്ലയിൽ ക്യാമ്പുകളുടെ എണ്ണം 150കടക്കാൻ സാധ്യതയുണ്ടെന്നാണ വിലയിരുത്തൽ. സിഎംഎസ് ഹൈസ്കൂൾ അടക്കമുള്ള ക്യാമ്പുകളിൽ ആളുകളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ ഉടുത്ത വസ്ത്രങ്ങളുമായി മാത്രം വീടുവിട്ടിറങ്ങിയവർക്ക് വസ്ത്രങ്ങൾ, പായകൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയവ അടിയന്തരമായി എത്തിക്കേണ്ടതുണ്ട്.

സർക്കാർ തലത്തിലുള്ള ഭക്ഷണവും മെഡിക്കൽ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെങ്കിലും ക്യാമ്പുകളിൽ ആളുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സന്നദ്ധ സംഘടനകളും പൊതുജനങ്ങളും സഹായവുമായി മുന്നോട്ടുവരണമെന്ന് എംഎൽഎ അഭ്യർഥിച്ചു.സുരക്ഷ മുൻനിർത്തി പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്. റാന്നി, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതിനാൽ തിരുവല്ല മേഖലയിൽ വെള്ളക്കെട്ട് ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.
