
ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ വീണ്ടും കോൺഗ്രസ് പ്രതിഷേധം
- മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കാനിരിക്കേയാണ് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.
തുറവൂർ: തുറവൂരിൽ ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ വീണ്ടും കോൺഗ്രസ് പ്രതിഷേധം. താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ആറു നില മന്ദിരത്തിന്റെയും ട്രോമാ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനച്ചടങ്ങിന് മുൻപായാണ് പ്രതിഷേധം നടന്നത്. മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കാനിരിക്കേയാണ് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. എന്നാൽ പ്രതിരോധിക്കാൻ സി.പിഎം. പ്രവർത്തകർ മുന്നിട്ടിറങ്ങിയത് നേരിയ സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ 10-ഓടെയായിരുന്നു സംഭവം.
സംഘർഷത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ആശുപത്രിക്കാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കാതെയുമാണ് ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ചാണ് പ്രതിഷേധം. നിലവിൽ 24 ഡോക്ടർമാർ വേണ്ടിടത്ത് 12 പേരാണുള്ളത്. മെഡിക്കൽ ഓഫീസർ സ്ഥലം മാറിപ്പോയിട്ട് ഒരാഴ്ച കഴിഞ്ഞു. ഡോക്ടർമാരുടെ കുറവ് തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിലയുണ്ട്. ഇതിന് പരിഹാരം കാണാതെ കെട്ടിടം ഉദ്ഘാടനം നടത്തുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
