
ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പ്രതികരണമെത്തി
- ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം:സംസ്ഥാനത്തെ ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്. ആരോഗ്യ വകുപ്പിൽ ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കോട്ടയത്ത് മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.

സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷാ പദ്ധതി തയാറാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മേയ് 21നു ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമാണു യോഗം ചേർന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി നടത്തിയ ശിൽപശാലകളിൽ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിക്ക് ആവശ്യമായ രൂപരേഖയും മാർഗനിർദേശങ്ങളും തയാറാക്കപ്പെട്ടിട്ടുണ്ട്.