
ഇ-ഗോപാല ആപ്പും ‘പശുസഖി’യും കേരളത്തിലേക്ക് വരുന്നു
- ഗുജറാത്ത് നാഷണൽ ഡയറി ഡിവലപ്മെന്റ് ബോർഡിൽ നിന്ന് പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശീലനം.
ഗ്രാമപ്രദേശങ്ങളിൽ പശു വളർത്തൽ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വർധിപ്പിക്കുന്നതിനുമുള്ള ഉന്നതതല പരിശീലനം നൽകാൻ മൃഗ സംരക്ഷണ വകുപ്പ്. ഗുജറാത്ത് മാതൃകയിൽ കുടുംബശ്രീയിലെ സ്ത്രീകൾക്ക് പരിശീലനം നൽകും. കന്നുകാലി പരിപാലനത്തിന് അടിസ്ഥാന പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെ വിളിക്കുന്ന പേരാണ് പശുസഖിമാർ എന്നത്. ഗുജറാത്തിലെ നാഷണൽ ഡയറി ഡിവലപ്മെന്റ് ബോർഡിൽ (എൻഡിഡിബി) നിന്ന് മാസ്റ്റർ ട്രെയിനേഴ്സ് പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വ ത്തിലാണ് പരിശീലനം നൽകുക.
2000 പശുസഖിമാർക്ക് പരിശീലനം നൽകി പഞ്ചായത്തു തലത്തിൽ നിയമിക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മൃഗ സംരക്ഷണ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
റേഷൻ കമ്പ്യൂട്ടിങ്ങിലൂടെ കന്നുകാലികളുടെ സമീകൃതാഹാരം സംബന്ധിച്ചുള്ള ബോധവത്കരണം, മൃഗങ്ങളുടെ രോഗപ്രതിരോധകുത്തിവെപ്പ്, കന്നുകാലികളുടെ പ്രസവം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വായ്പകൾ എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണവും സാങ്കേതിക പരിശീലനവും പശു സഖിമാരിലൂടെ കർഷകർക്ക് നൽകും.
ഇ-ഗോപാല ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഓരോ കർഷകന്റെയും വീട്ടിൽ ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള പോഷക സമൃദ്ധമായ ഭക്ഷണം തയ്യാറാക്കൽ തുടങ്ങിയവയെല്ലാം പശുസഖിമാരെ പരിശീലിപ്പിക്കും. ഇവരിലൂടെ കർഷകരിലേക്ക് വളരെ വേഗം മൃഗ സംരക്ഷണ സേവനം ലഭ്യമാക്കും.