
ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്കാരം കണ്ണൂർ സരസ്വതിക്ക്
- പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
പയ്യോളി: നാടക – സിനിമ നടിയും സംഗീതജ്ഞയുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ ഇരിങ്ങൽ നാരായണി നാടക പ്രതിഭ പുരസ്ക്കാരത്തിന് പ്രശസ്ത നാടക നടി കണ്ണൂർ സരസ്വതിയെ തെരഞ്ഞെടുത്തു.
ചന്ദ്രശേഖരൻ തിക്കോടി, എൻ ശശിധരൻ, സന്തോഷ് കീഴാറ്റൂർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത് . പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കഴിഞ്ഞ 5 പതിറ്റാണ്ടിലധികമായി മലയാള അമേച്വർ / പ്രൊഫഷണൽ നാടക വേദിയിൽ അഭിനേത്രി എന്ന നിലയിൽ കണ്ണൂർ സരസ്വതി പ്രവർത്തിച്ചു വരുന്നു.
ഇതിനകം വിവിധ നാടക സംഘങ്ങളിലായി കേരളത്തിലും, ഇതര ഇന്ത്യൻ നഗരങ്ങളിലുമായി ഏഴായിരത്തിൽപ്പരം വേദികളിൽ അഭിനയിച്ചു . ഇരിങ്ങൽ നാരായണിയോടൊപ്പവും വേദി പങ്കിടാനും കണ്ണൂർ സരസ്വതിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കൂടാതെ ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റാണ് ഇവർ . ആറ് സിനിമകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് രണ്ട് തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ 2018 ൽ ഡൽഹിയിൽ നിന്നുമുള്ള സാവിത്രി ഭായ് ഫുലെ അവാർഡ് ഉൾപ്പെടെ 20 ലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.