
ഈസ്റ്റർ, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പോലീസ്
- കൂടുതൽ വാഹനങ്ങൾ ചുരം വഴിയെത്താനുള്ള സാധ്യത മുൻനിർത്തി ഗതാഗതനിയന്ത്രണങ്ങൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും.
താമരശ്ശേരി : ഈസ്റ്റർ, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പോലീസ്. അവധി ആഘോഷിക്കാൻ വയനാട്ടിലേക്കും കർണാടകയിലെ മൈസൂരുവിലേക്കും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കും പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് ചുരം റോഡിലെ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. കൂടുതൽ വാഹനങ്ങൾ ചുരം വഴിയെത്താനുള്ള സാധ്യത മുൻനിർത്തി ഗതാഗതനിയന്ത്രണങ്ങൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും.
കോഴിക്കോട് റൂറൽ എസ്‌പി ടി. ഫറാഷ് നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഈസ്റ്റർ ദിനത്തിലോ തുടർന്ന് വരുന്ന അവധി ദിനങ്ങളിലോ ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടായാൽ അടിയന്തരമായി ഇടപെടുന്നതിന് കൂടുതൽ മൊബൈൽ സ്ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്. ചുരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിക്കും. വാരാന്ത്യങ്ങളിലും അവധിക്കാലത്തും ചുരത്തിലെ പ്രത്യേക സാഹചര്യങ്ങൾ മനസിലാക്കാതെ ഗതാഗത നിയന്ത്രണങ്ങൾ തെറ്റിക്കാൻ പുറപ്പെട്ടാൽ അത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ നടപടി എടുക്കും.
CATEGORIES News
