
എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം
- എ കെ ശശീന്ദ്രൻ അനുകൂലികളും എതിർ വിഭാഗവും തമ്മിലായിരുന്നു തർക്കം
കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. എലത്തൂർ മണ്ഡലത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം കമ്മിറ്റി പാസ്സാക്കി. എന്നാൽ സ്ഥാനാർഥിയെ പാർലമെൻ്ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന് ഒരു വിഭാഗം വാദിച്ചു. യോഗത്തിനുശേഷം പുറത്തിറങ്ങിയ നേതാക്കൾ പരസ്യമായി വാക്കുതർക്കത്തിലേർപ്പെടുകയുംചെയ്തു.കോഴിക്കോട്ട് ചേർന്ന എൻസിപിയുടെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് നേതാക്കൾ പരസ്യമായി തമ്മിലടിച്ചത്. എ കെ ശശീന്ദ്രൻ അനുകൂലികളും എതിർ വിഭാഗവും തമ്മിലായിരുന്നു തർക്കം. ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയംഗം പ്രമേയം അവതരിപ്പിച്ചു. 86 പേർ പങ്കെടുത്ത യോഗത്തിൽ മൂന്നു പേർ ഒഴികെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ തീരുമാനം പാർലമെന്ററി പാർട്ടി യോഗത്തിൽ അറിയിക്കുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് പാർലമെന്ററി പാർട്ടിയോഗം ആണെന്നും, ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തത് പിഎം സുരേഷ് ബാബു, അഡ്വ എം ആലിക്കോയ, മുക്കം മുഹമ്മദ്, എകെ ശശീന്ദ്രൻ എന്നീ നാല് പേരുകളാണെന്നുമായിരുന്നു എതിർ ഭാഗത്തിന്റെ വാദം.പ്രമേയം അംഗീകരിച്ച പേര് മേൽകമ്മിറ്റിയെയും ദേശീയ നേതൃത്വത്തെയും അറിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പാർട്ടിക്ക് ഉള്ളിൽ തന്നെ നേരത്തെ തന്നെ മുറുമുറുപ്പുണ്ട്. എട്ട് തവണ മത്സരിക്കുകയും രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. അതേസമയം ജില്ലയിൽ ഉണ്ടായിരുന്നിട്ടും മന്ത്രി എകെ ശശീന്ദ്രൻ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും വിട്ടുനിന്നു.
