
എയർ ഇന്ത്യ എ 350 വിമാനം സർവീസ് അടുത്ത മാസം മുതൽ
- പ്രതിദിന സർവീസ് ഡൽഹി -ദുബായ് റൂട്ടിൽ
ദുബായ് : എയർ ഇന്ത്യയുടെ എയർബസ് എ 350 വിമാനത്തിൻ്റെ ആദ്യ അന്താരാഷ്ട്ര സർവീസ് ദുബായിലേക്ക് ആരംഭിക്കും . ഡൽഹി-ദുബായ് പാതയിലാണ് വിമാനം പ്രതിദിന സർവീസ് ആരംഭിക്കുന്നത് . എഐ 995 ഡൽഹിയിൽ നിന്ന് രാത്രി പ്രാദേശിക സമയം 8.45-ന് പുറപ്പെടും. യുഎഇ സമയം രാത്രി 10.45- ന് ദുബായിലെത്തും. എഐ 996 ദുബായിൽ നിന്ന് അർധരാത്രി 12.15-ന് പുറപ്പെടും. പ്രാദേശികസമയം പുലർച്ചെ 4.55-ന് ഡൽഹിയിലെത്തും.
അടുത്തമാസം ഒന്നുമുതൽ മുംബൈയിൽ നിന്നും സർവീസുണ്ടാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എഐ 983 മുംബൈയിൽ നിന്ന് രാത്രി 8.25-ന് പുറപ്പെടും. രാത്രി 9.55-ന് ദുബായിലെത്തും. എഐ 984 ദുബായിൽനിന്ന് രാത്രി 11.40-ന് പുറപ്പെട്ട് പുലർച്ചെ 4.20 മുംബൈയിൽ എത്തിച്ചേരും. വിമാനത്തിൽ 316 സീറ്റുകളാണുള്ളത്. 28 ബിസിനസ് ക്ലാസ് സീറ്റുകൾ, 24 പ്രീമിയം ഇക്കോണമി സീറ്റുകൾ, 264 ഇക്കോണമി സീറ്റുകൾ എന്നിങ്ങനെയാണ് സീറ്റുകൾ.
ജനുവരി 22-നാണ് എയർ ഇന്ത്യയുടെ എ 350 സർവീസ് ആരംഭിച്ചത്. ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു നഗരങ്ങൾക്കിടയിലായിരുന്നു ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടായിരുന്നത്.