
ഒറ്റ രാവാൽ പൂമരങ്ങളായ വിത്തുകൾ
- കൽപ്പറ്റ നാരായണൻ്റെ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ ‘തെരഞ്ഞെടുത്ത കവിതകൾ’ എന്ന പുസ്തകത്തേക്കുറിച്ച് ഷാജി വലിയാട്ടിൽ എഴുതുന്നു…✍️

റീലുകൾക്കിണങ്ങുന്ന വരികൾക്കും കൃതികൾക്കും വലിയ പ്രചാരം കിട്ടുന്ന കാലത്ത് കവിതയുടെ പുരസ്കാരം വഴിതെറ്റാതെ കല്പറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ക്ക് ലഭിച്ചത് മികച്ചൊരു നിർണ്ണയമാണ്. ഏറ്റവും സമകാലികരായ മലയാള കവികളിൽ പ്രമുഖനാണ് കൽപ്പറ്റ നാരായണൻ. ഏറെ വാഴ്ത്തപ്പെട്ട കവിയല്ല , പാടി തിമർക്കേണ്ട കവിതയുമല്ല കൽപ്പറ്റ എഴുതുന്നത്. ആവർത്തിച്ച് വായിച്ചും , വാക്കിന്റെ വ്യാപ്തിയെ ഉൾക്കൊണ്ടും, പ്രതീകങ്ങളെ അറിഞ്ഞും വായിക്കേണ്ടവയാണ് അവ. സൂക്ഷ്മതയുടെ കവിയാണ് അദ്ദഹം. “ഒരു ദർശനത്തിന്റേയും സാന്നിധ്യമില്ലാത്ത , അതിലൂടെ ചിലതിലെത്താത്ത, ഒരു കവിതയും എന്നെ ആകർഷിക്കുന്നില്ല . Language is metaphorical, Poetry is philosophical എന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് സ്വന്തം കാവ്യാഭിരുചിയെ പറ്റി പറഞ്ഞത്. അങ്ങനെയുള്ളൊരു കവിയുടെ കവിതയിലേക്കെത്താൻ അനുവാചകനും ചില പടവുകൾ കയറേണ്ടതുണ്ട്. അതി ഭാവുകത്വത്തിനോ അതി കാല്പനികതയ്ക്കോ ഈ രചനയിൽ സ്ഥാനമില്ല. കവിതയിൽ മാത്രമല്ല ഈ ഭാഷാസൂക്ഷ്മത. കൽപ്പറ്റയുടെ ഉപന്യാസത്തിൽ , പ്രസംഗത്തിൽ, സംഭാഷണത്തിൽ എല്ലാം കവിത പോലെ പ്രവർത്തിക്കുന്ന വാക്യം തന്നെയാണ്; വാക്യം രസാത്മകം കാവ്യം.
അറുപത്തിയഞ്ച് കവിതകളുടെ ഒരു സമാഹാരമാണ് ഇപ്പോൾ പുരസ്കൃതമായ
കല്പറ്റയുടെ തെരഞ്ഞെടുത്ത കവിതകൾ. പല കാലങ്ങളിൽ, പല കൃതികളിലൂടെ വന്നവയാണ് മിക്കതും. സാമൂഹികവും രാഷ്ട്രീയവും വ്യക്തിപരവുമായവും ഇതിലുണ്ട്.

കൽപ്പറ്റയുടെ കവിതകളുടെ ഒരു മാനിഫെസ്റ്റോയാണ് കഴുതയും കുതിരയും എന്ന കവിത.വേഗതയേക്കാൾ സൂക്ഷ്മതയ്ക്ക് , ആലോചനയ്ക്ക് ഇടം കൊടുക്കുന്ന കവിയാണ് കൽപ്പറ്റ. കുതിരയും കഴുതയും രണ്ടു പ്രതീകങ്ങളാണ്. വേഗതയാണ് കുതിരയുടെ മുദ്ര. കുതിക്കുന്നത് കുതിര എന്ന് പദനിഷ്പത്തി. ബാഹ്യ സൗന്ദര്യത്തിലും കുതിരയാണ് മുന്നിൽ. ചിത്രകലയിൽ കുതിരയെ വരച്ച പോലെ കഴുതയ്ക്ക് സ്ഥാനമില്ല. എങ്കിലും കവിതയിൽ കഴുതയ്ക്കാണ് സൗന്ദര്യം കല്പിച്ചത്.
വിഡ്ഢിയുടെ വേഗത്തിനല്ല
വിവേകിയുടെ സങ്കോചത്തിനാണ് ഭംഗി
ഓരോ ചുവടും അമൂല്യമാണെന്ന്
കഴുതയ്ക്കറിയാം.
ഈ സൂക്ഷ്മതയിൽ , വിവേകത്തിലാണ് കഴുതയുടെ സൗന്ദര്യം. വേഗത മത്സരത്തിന്റെ കാലത്തിനുള്ളതാണ്. വാർത്ത “ലൈവ് ന്യൂസ് ” ആയപ്പോൾ നഷ്ടമായ വിവേകം നമ്മൾ നിത്യം കണ്ട് കൊണ്ടിരിക്കുന്നു. മുമ്പ് അടിച്ചുപൊളി എന്ന വാക്കിനെ കുറിച്ച് ഒരു ലേഖനം കൽപ്പറ്റ എഴുതിയിരുന്നു . സൂക്ഷിക്കാൻ ഒന്നുമില്ലാത്ത, ആഘോഷിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന ഒരു കാലത്തിൻറെ വാക്കാണ് അടിച്ചുപൊളി. വിവേകിക്ക് അടിച്ചു പൊളിക്കാരനാവാൻ കഴിയില്ല.
കഴുതപുറത്തിരിക്കുന്ന
ക്രിസ്തുവോളം ക്രിസ്തുവല്ല
ഗിരി പ്രഭാഷണം നടത്തുന്ന ക്രിസ്തു
എന്ന വരികളിൽ ക്രിസ്തുവിലും ധ്യാനബുദ്ധനിലുമെല്ലാമുള്ള മനനത്തിന്റെ ഒരു തലം നമുക്ക് മുന്നിലെത്തിക്കുന്നു.
ബുദ്ധ ദർശനങ്ങളുടെ സ്വാധീനമുള്ള കവിതകളാണ് ഈ സമാഹാരത്തിലെ സമയപ്രഭു, അധിക ചുമതല, ബുദ്ധൻ പെരുവഴിയിൽ, ബുദ്ധൻ ചോദിക്കുന്നു എന്നീ കവിതകളെല്ലാം. ഒരഭിമുഖത്തിൽ രാഷ്ട്രീയ ബുദ്ധനെയല്ല , നൈതിക ബുദ്ധനെയാണ് ഞാനിഷ്ടപ്പെടുന്നത് എന്ന് കവി പറഞ്ഞിട്ടുണ്ട് . എലിയും പൂച്ചയും പ്രതീകമായി വരുന്ന സമയപ്രഭു കാലവും ജീവിതവും തമ്മിലുള്ള ബന്ധത്തെ ദാർശനികമായി കാണുന്നു. എന്നാൽ രാഷ്ട്രീയമായ ഒരു വായനയും ഈ കവിതയിൽ ഉണ്ട്. അധികാരവും ഫാസിസവുമെല്ലാം മാർജ്ജാരലീലയിൽ പെടുന്നു. പീഢകനായ പൂച്ചയും ഇരയായ എലിയും ഭരണകൂടത്തിന്റെയും ജനതയുടെയും പ്രതീകമാണ്. വർത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതിയിൽ ഇതിനേറെ പ്രാധാന്യമുണ്ട്.

വലിയ കാഴ്ചശക്തിയാണ്
ഏതിരുട്ടിലും കാണും .
വലിയ കേൾവി ശക്തിയാണ്
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാൽ ആരുടേതെന്നറിയും.
എന്ന വരികളിൽ ഭരണകൂടത്തിന്റെ ബിഗ് ബോസ് ചമയൽ സൂചിതമാണ്. ഇരയുടെ അവസാനത്തെ പിടച്ചിൽ വരെ ആസ്വദിക്കുന്ന ഫാസിസ്റ്റ് രീതി രാജ്യത്ത് നിരന്തരം നടക്കുന്നു.
ക്ഷമാമൂർത്തിയാണ്
മുഴുമിക്കാൻ നാലും അഞ്ചും
മണിക്കൂറെടുക്കും.
പൂച്ച എലിയെ പെട്ടന്ന് വകവരുത്താറില്ല. കളിപ്പിച്ചും ആസ്വദിച്ചും മാത്രം. ഭക്ഷണത്തിന്റെ പേരിൽ, വസ്ത്രത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ നിരന്തരം അക്രമം അഴിച്ചുവിട്ടു ആസ്വദിക്കുന്ന രാഷ്ട്രീയം ശക്തമായ കാലത്ത് സമയപ്രഭു സൂക്ഷ്മ രാഷ്ട്രീയത്തിന്റെ കവിതയാണ്. ഇതോടെ ചേർത്തു വായിക്കേണ്ട കവിതയാണ് ഇരുട്ടിലേക്കയച്ച ഒരസ്ത്രം. മുനി കുമാരന് നേരെ ദശരഥനയച്ച അസ്ത്രം അവിടെ നില്ക്കാതെ യാത്ര തുടരുകയാണ്. താടകയിലൂടെ, ശൂർപ്പണഖയിലൂടെ, ബാലിയിലൂടെ ശംബുകനിലൂടെ യാത്ര തുടർന്ന്, ഇതിഹാസത്തിൽ നിന്നും മിത്തുകളിൽ നിന്നും വേർപെട്ട് വർത്തമാനകാല രാഷ്ട്രീയത്തിലും തുടരുന്നു.
ഇന്നും ഇരുട്ടിലൂടെ
അതതിന്റെ ഗതി തുടരുന്നു.
വീഴും മുന്നേ ഗാന്ധി
ആ അസ്ത്രം തിരിച്ചറിഞ്ഞു
റാം റാം.
മാതൃത്വത്തെ കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കവിതയാണ് ആശ്വാസം. അമ്മയുടെ മരണമാണ് വിഷയം. നേരെ ചൊവ്വേ മരണത്തെ കുറിച്ചല്ല, നഷ്ടബോധമല്ല, സങ്കടമല്ല കവിതയിൽ പറയുന്നത്. വക്രോക്തി ശൈലിയിലാണ് കവിതയുടെ രചന.
ഞാനെത്തിയാൽ മാത്രം കെടുന്ന
വിളക്കുള്ള വീട്
ഇന്നലെ കെട്ടു .
അമ്മയുടെ ഓരോ കരുതലുമാണ് മകന്റെ ജീവിതത്തിൽ അസ്വസ്ഥതയായി ഇന്നലെ വരെ നിലനിന്നത്. അത് കെട്ടതോടെ ആശ്വാസമായി. എതിർദിശയിൽ നീങ്ങുന്ന ചില സ്നേഹമുണ്ട്. ഉപരിതലത്തിലല്ല ആഴത്തിലാണ് അതിന്റെ നിലനിൽപ്പ്. അനുഭവത്തിലൂടെ മാത്രമാണ് അത് വെളിപ്പെടുന്നത്.
ഇനിയെനിക്ക്
കിണറിന്റെ ആൾമറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഭാഷയുടെ ധ്വനിയിലൂടെയാണ് കവിതയിലെ അമ്മയുടെ സ്നേഹം പ്രവർത്തിക്കുന്നത്. അസാന്നിധ്യത്തിൽ അമ്മ നൽകുന്ന ആശ്വാസമാണ് ഇവിടെ ദുഃഖമായി പരിണമിക്കുന്നത്. നികത്താനാവാത്ത നഷ്ടങ്ങൾ കവിതയായി പരിണമിച്ചത് ഏറെയുണ്ട് മലയാളത്തിൽ. രാജരാജവർമ്മയുടെ മരണം ആശാനിലും വൈലോപ്പിള്ളിയുടെ മരണം സച്ചിദാനന്ദനിലും ജോൺ അബ്രാഹമിന്റെ മരണം ബാലചന്ദ്രൻ ചുള്ളിക്കാടിലും ഒടുവിൽ ഞാനൊറ്റയാകുന്നു എന്നൊരു വേദനയാണ് ഉണ്ടാക്കിയത്. ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല എന്ന തിരിച്ചറിവ് അമ്മ നൽകിയ സ്നേഹത്തിന്റെ അനന്യത വ്യക്തമാക്കുന്നു.
പൂതനാമോക്ഷം എന്ന കവിതയിൽ അമ്മ മറ്റൊരു രീതിയിൽ ആവർത്തിക്കുന്നു. നഷ്ടപ്പെട്ടതല്ല അവഗണിക്കപ്പെട്ട് വിരൂപയായ അമ്മ. വളരും തോറും കുതറി മാറാനുള്ള വ്യഗ്രത മക്കളിൽ സ്വാഭാവികമാണല്ലോ. എന്റെ വഴിയിൽ എന്തിനാണമ്മ ഇങ്ങനെ നിൽക്കുന്നത്? എന്ന് മകൻ. എന്നാൽ അമ്മയ്ക്കോ പറയാനേറെയുണ്ട് ഒരു ജന്മം തന്നെ മക്കൾക്കായ് മാറ്റിവെച്ചവരാണ് അമ്മമാർ.
ഒരു പെണ്ണിൻ തല –
യവൾക്ക് ജന്മനാ കിടച്ചുവെങ്കിലു
മതിന്റെ കാതിന്മേൽ
കടലിരമ്പീല – തിര തുളുമ്പീല
മുഖത്ത് കണ്ണുകള-
തിന്നു പാതിരയ്ക്കടയ്ക്കുവാൻ മാത്രം.
എന്ന് സംക്രമണത്തിൽ സ്ത്രീ ജന്മത്തെ കുറിച്ച് ആറ്റൂർ രവിവർമ പൊതുവെ പറഞ്ഞതിന്റെ സൂപ്പർലേറ്റീവ് ഫോമാണ് അമ്മമാർ. മകനായ് മാറ്റിവെച്ചതെന്തെന്ന് അമ്മയ്ക്കേ അറിയൂ. താനെത്ര മാത്രം ചുരുങ്ങിയിട്ടാണ് അവനെ വളർത്തുന്നതെന്ന് അമ്മയ്ക്കേ അറിയൂ.
മാധവിക്കുട്ടിയുടെ നെയ്പായസം എന്ന കഥയിലെ അമ്മ പോലെ
ഉപേക്ഷിക്കപ്പെട്ട്
ഉപേക്ഷിക്കപ്പെട്ട്
ഉപേക്ഷിക്കപ്പെട്ട്
വിരൂപയും
ഘോരാകാരയുമായ ഒരു വൃദ്ധസ്ത്രീ
പൂതനയുടെ ഒടുക്കത്തെ അലർച്ച
തന്റെ തൊണ്ടയുടെ അടുത്തെത്തിയ തായി
അറിഞ്ഞു.

മറ്റെല്ലാ ഗുണങ്ങളുണ്ടെങ്കിലും ചെറിയൊരു പോരായ്മ ഉണ്ടെങ്കിൽ, ആ പോരായ്മയിൽ ചൂണ്ടി നമ്മൾ വിളിക്കും ; ചട്ടക്കാലൻ, കോങ്കണ്ണൻ, ഒന്നര കയ്യൻ, കൊന്ദ്രപല്ലൻ . കള്ളൻ വീട്ടിൽ കള്ളനല്ലെന്ന ഒരിളവ് പോലും അവർക്കില്ല. പാദത്തിൽ എത്തിയാൽ മാത്രം മുടന്തനാവുന്ന ഒരുവന്റെ ഇരിപ്പിലും, കിടപ്പിലും, വാക്കിലും മുടന്ത് കണ്ടു. ന്യായത്തെ മുടന്തൻ ന്യായമാക്കി. എന്തൊരതിവ്യാപ്തി!. മുടന്തന്റെ സുവിശേഷം എന്ന കവിത ഒരാളുടെ ദീർഘമായ ആത്മഭാഷണമാണ്. സുവിശേഷം ഒരു ബിബ്ളിക്കൽ വാക്കാണ്. യേശുവിന്റെ ജീവിത കഥയും പ്രബോധനങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങളാണ് സുവിശേഷം. ലോകത്തിന്റെ നന്മക്ക് വേണ്ടിയാണത്. സമാനമായി മുടന്തന്റെ സുവിശേഷം പോരായ്മ ഉള്ളവരുടെ ജീവിതം അറിയാനുള്ളതാണ്. അവരെ തിരിച്ചറിയാനുള്ളതാണ്.
കുറഞ്ഞ വാക്കുകളിൽ കൂടുതൽ പറയുന്നതാണ് കവിത. ഇതിനുദാഹരണം ഗാന്ധി മാർഗ്ഗം എന്നൊരു കവിതയോളം ചൂണ്ടിക്കാണിക്കാൻ സമകാലിക മലയാള കവിതയിൽ ഇല്ല.
ഗാന്ധിയെ
വരയ്ക്കാനെളുപ്പമാണ്
രണ്ടോ നാലോ രേഖകൾ മതി.
ഗാന്ധിയായി
വേഷം കെട്ടാനെളുപ്പമാണ്
കെട്ടിയ വേഷങ്ങൾ
അഴിച്ചു കളഞ്ഞാൽ മതി.
ഗാന്ധിയെ ആറ്റിക്കുറുക്കിയതാണ് ഈ കവിത. ഒരു പുക കൂടി, ടച്ച് സ്ക്രീൻ, നഗ്ന സത്യം, നിൽപ്, മതിലുകൾ തുടങ്ങി സമാഹാരത്തിലെ ഓരോ കവിതകളും പ്രത്യേകം പഠിക്കേണ്ടതാണ്. സമാഹാരത്തിന്റെ ആമുഖത്തിൽ “വശ്യങ്ങളായ വചനങ്ങളിൽ നിന്നാണ് ഞാൻ കാവ്യ രഹസ്യമഭ്യസിച്ചത് ” എന്നാണ് പറഞ്ഞത്. പിന്നീടുള്ള കവിതകളിലൂടെ വായനക്കാരനും ആ വശ്യതയിൽ എത്തിച്ചേരുന്നു.